തിരുവനന്തപുരം: മഹാരാഷ്ട്രയിലെ മലയാളികളുടെ സമഗ്ര പുരോഗതിക്കും ക്ഷേമത്തിനുമായി കേരള സർക്കാർ ശക്തമായ പിന്തുണ നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ (എൻഎംസിഎ) പ്രതിനിധി സംഘം തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി അദ്ദേഹത്തെ സന്ദർശിച്ചപ്പോഴാണ് ഈ ഉറപ്പ് നൽകിയത്. മഹാരാഷ്ട്രയിലെ പ്രവാസി മലയാളി സമൂഹത്തിന്റെ പേരിൽ പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.
എൻഎംസിഎ പ്രസിഡന്റ് ഗോകുലം ഗോപാലകൃഷ്ണ പിള്ള, വർക്കിംഗ് പ്രസിഡന്റ് ജയപ്രകാശ് നായർ എന്നിവരുടെ മാർഗനിർദേശപ്രകാരമാണ് പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ടത്. സൗഹൃദ അന്തരീക്ഷത്തിൽ നടന്ന ചർച്ചയിൽ മഹാരാഷ്ട്രയിലെ മലയാളി സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. യാത്രാസൗകര്യങ്ങൾ വർദ്ധിപ്പിക്കുക, സാംസ്കാരിക പ്രവർത്തനങ്ങൾക്ക് സർക്കാർ തലത്തിൽ കൂടുതൽ പ്രോത്സാഹനവും പിന്തുണയും ലഭ്യമാക്കുക, അന്തർസംസ്ഥാന വ്യാപാര-വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങൾ പ്രതിനിധികൾ ഉന്നയിച്ചു.
പ്രവാസി മലയാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും കേരള സർക്കാർ എപ്പോഴും പ്രതിബദ്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതിനിധി സംഘത്തിന് ഉറപ്പുനൽകി. അസോസിയേഷൻ ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗതൻ, വൈസ് പ്രസിഡന്റ് വിശ്വനാഥൻ പിള്ള, കമ്മിറ്റി അംഗം അനിൽ ഓച്ചിറ എന്നിവരടങ്ങുന്ന സംഘമാണ് കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
പ്രവാസി സമൂഹത്തിന്റെ ശബ്ദം ഭരണനേതൃത്വത്തിന്റെ നേരിട്ടുള്ള ശ്രദ്ധയിൽ എത്തിക്കാനും പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്താനും ഈ കൂടിക്കാഴ്ച വഴിതുറക്കുമെന്ന് എൻഎംസിഎ പ്രതിനിധികൾ പ്രത്യാശ പ്രകടിപ്പിച്ചു. ജന്മഭൂമിയുമായുള്ള പ്രവാസികളുടെ ആത്മബന്ധം കൂടുതൽ ദൃഢമാക്കാനും മഹാരാഷ്ട്രയിലെ മലയാളി സമൂഹത്തിന്റെ വികസനത്തിന് പുതിയ സാധ്യതകൾ തുറക്കാനും ഈ സന്ദർശനം ഏറെ പ്രചോദനകരമാണെന്നും, ഇത്തരം ക്രിയാത്മക ഇടപെടലുകൾ ഭാവിയിലും തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.