തിരുവനന്തപുരം: ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതോടെ, പുതിയ അമരക്കാരനെ കണ്ടെത്താനുള്ള ചർച്ചകൾ സിനിമാ-രാഷ്ട്രീയ വൃത്തങ്ങളിൽ ഊർജിതമായി. ചലച്ചിത്ര-നാടക പ്രവർത്തകനും സംവിധായകനുമായ ജോയ് മാത്യു, നടന്മാരായ ജഗദീഷ്, സലിം കുമാർ, മുൻ ചെയർമാൻ പ്രേംകുമാർ, നടി പ്രിയങ്ക നായർ എന്നിവരുടെ പേരുകളാണ് ചെയർമാൻ സ്ഥാനത്തേക്ക് പ്രധാനമായും ഉയർന്നു കേൾക്കുന്നത്. രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) മുന്നൊരുക്കങ്ങൾ വേഗത്തിലാക്കേണ്ടതിനാൽ പുതിയ ചെയർമാനെ ഉടനടി പ്രഖ്യാപിക്കുമെന്നാണ് സാംസ്കാരിക വകുപ്പിൽ നിന്നുള്ള സൂചനകൾ.
വാണിജ്യ-സമാന്തര സിനിമകളിൽ ഒരേപോലെ തിളങ്ങിയ ജോയ് മാത്യുവിന്റെ പേരിനാണ് നിലവിൽ ചർച്ചകളിൽ മുൻതൂക്കം. കോഴിക്കോട്ടെ സാംസ്കാരിക-ചലച്ചിത്ര പ്രവർത്തകർ അദ്ദേഹത്തിന്റെ പേരിനെ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്. തീക്ഷ്ണമായ സാമൂഹിക-രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയുന്ന അദ്ദേഹത്തിന്റെ സാന്നിധ്യം അക്കാദമിക്ക് പുതിയൊരു ദിശാബോധവും ജനകീയ മുഖവും നൽകുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. സർക്കാർ ആവശ്യപ്പെട്ടാൽ പദവി ഏറ്റെടുക്കാൻ താൻ സന്നദ്ധനാണെന്ന് ജോയ് മാത്യു പ്രതികരിച്ചിട്ടുണ്ട്. മറ്റാർക്കും ചെയ്യാൻ കഴിയാത്ത ചില കാര്യങ്ങൾ തനിക്ക് ചെയ്യാൻ സാധിക്കുമെന്ന വിശ്വാസമുണ്ടെന്നും, ബാക്കി കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് സർക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, സിനിമാ സംഘടനകളിലെ പ്രവർത്തന പരിചയവും എല്ലാവരെയും ഒന്നിപ്പിച്ചു കൊണ്ടുപോകാനുള്ള കഴിവും നടൻ ജഗദീഷിന് അനുകൂല ഘടകങ്ങളാണ്. അദ്ദേഹത്തിന്റെ അക്കാദമിക പശ്ചാത്തലവും ഭരണപരമായ കാര്യങ്ങൾക്ക് കരുത്തുപകരുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് അഭിമാനകരമാണെന്നും എന്നാൽ തനിക്ക് അഭിനയിച്ച് കൊതി തീർന്നിട്ടില്ലെന്നുമാണ് ജഗദീഷിന്റെ പ്രതികരണം.
ദേശീയ അവാർഡ് ജേതാവ് സലിം കുമാറിന്റെ പേരും സജീവമായി പരിഗണനയിലുണ്ട്. ഇതിനുപുറമെ, മുൻപ് അക്കാദമി വൈസ് ചെയർമാനായും താൽക്കാലിക ചെയർമാനായും മികച്ച രീതിയിൽ പ്രവർത്തിച്ച നടൻ പ്രേംകുമാറിനെ വീണ്ടും പദവിയിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന ആവശ്യവും ശക്തമാണ്. ഐഎഫ്എഫ്കെ ഉൾപ്പെടെയുള്ള വലിയ മേളകൾ പടിവാതിക്കൽ എത്തിനിൽക്കെ, സിനിമാ-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ പുതിയ ചെയർമാനെ കുറിച്ചുള്ള അന്തിമ തീരുമാനം വൈകാതെ തന്നെയുണ്ടാകും.