സനാതന വിരുദ്ധ പരാമർശം: മുംബൈയിൽ പ്രതിഷേധം ; ഉദയനിധിക്കെതിരെ കൈകോർത്ത് വിവിധ മതവിഭാഗങ്ങൾ

by admin

മുംബൈ: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മുംബൈയിൽ പ്രതിഷേധം കനക്കുന്നു. രാഷ്ട്രീയ ഭേദമന്യേ ഹൈന്ദവ, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങൾ ഒരേ സ്വരത്തിൽ ഉദയനിധിയുടെ പ്രസ്താവനയെ അപലപിച്ചു. മുംബൈയിലെ പ്രമുഖ മതനേതാക്കളും സാമൂഹിക പ്രവർത്തകരും ഉൾപ്പെട്ട കൂട്ടായ്മയാണ് ഉദയനിധിക്കെതിരെ രംഗത്തെത്തിയത്.

ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തെയും വിശ്വാസങ്ങളെയും അവഹീളിക്കുന്ന പ്രസ്താവനകൾ ഒരു ഭരണാധികാരിയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്ന് യോഗം വിലയിരുത്തി. സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന ആഹ്വാനം ഭരണഘടനാ വിരുദ്ധവും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതുമാണെന്ന് വിവിധ മതനേതാക്കൾ കുറ്റപ്പെടുത്തി. പരസ്പര ബഹുമാനത്തോടെ കഴിയുന്ന ജനങ്ങൾക്കിടയിൽ വിദ്വേഷത്തിന്റെ വിത്തിടാനാണ് ഉദയനിധി ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

ഹിന്ദു ഐക്യവേദി പ്രതിനിധികൾക്ക് പുറമെ, ക്രൈസ്തവ-മുസ്ലിം സമുദായങ്ങളിലെ പ്രമുഖരും പ്രതിഷേധത്തിൽ പങ്കുചേർന്നുവെന്നത് ശ്രദ്ധേയമായി. മതവിശ്വാസങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഏതൊരു നീക്കവും ജനാധിപത്യത്തിന് ഭീഷണിയാണെന്ന് ക്രൈസ്തവ സമുദായ പ്രതിനിധികൾ വ്യക്തമാക്കി. മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും ആദരിക്കുക എന്നത് ഇസ്ലാം പഠിപ്പിക്കുന്ന പാഠമാണെന്നും, ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ അംഗീകരിക്കാനാവില്ലെന്നും മുസ്ലിം പണ്ഡിതർ അഭിപ്രായപ്പെട്ടു.

വിവാദ പ്രസ്താവന പിൻവലിച്ച് ഉദയനിധി സ്റ്റാലിൻ പരസ്യമായി മാപ്പ് പറയണമെന്നാണ് സമിതിയുടെ ആവശ്യം. വരും ദിവസങ്ങളിൽ സമാധാനപരമായ രീതിയിൽ പ്രതിഷേധം ശക്തമാക്കാനും യോഗം തീരുമാനിച്ചു. രാജ്യത്തെ സമാധാനാന്തരീക്ഷം തകർക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ അധികൃതർ കർശന നടപടി സ്വീകരിക്കണമെന്നും പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.

You may also like