മംഗളൂരുവിൽ അന്ത്യം, സംസ്കാരം നാളെ മുംബൈയിൽ; പ്രിയ ഗുരുവിനെ യാത്രയാക്കാൻ നഗരം ഒരുങ്ങുന്നു

by WhatsUp Mumbai

​മുംബൈ: അന്തരിച്ച പ്രശസ്ത മാനേജ്‌മെന്റ്ഗുരുവും ചിന്തകനും എഴുത്തുകാരനുമായ ഡോ. രാധാകൃഷ്ണ പിള്ളയുടെ അന്ത്യകർമ്മങ്ങൾ നാളെ മുംബൈയിൽ നടക്കും. മംഗളൂരുവിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ന് രാത്രിയോടെ മുംബൈയിൽ എത്തിക്കും.

മൃതദേഹം രാവിലെ 11 മണി മുതൽ മുംബൈ മുളുണ്ട് ഈസ്റ്റിലെ 90 ഫീറ്റ് റോഡിലുള്ള ശ്രീവർദ്ധൻ അപ്പാർട്ട്‌മെന്റിൽ (കെൽക്കർ കോളേജിന് എതിർവശം) പൊതുദർശനത്തിന് വെക്കും.

സംസ്‌കാര ചടങ്ങുകൾ നാളെ ഉച്ചയ്ക്ക് ശേഷം നടക്കും.

നാളെ രാവിലെ മുതൽ മുളുണ്ടിലെ വസതിയിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കുമെന്നാണ് വിവരം. തുടർന്ന് വൈകുന്നേരത്തോടെയാകും സംസ്കാര ചടങ്ങുകൾ നടക്കുക.

ഭാരതീയ തത്വചിന്തകളെ, പ്രത്യേകിച്ച് ചാണക്യന്റെ അർത്ഥശാസ്ത്രത്തെ ആഗോള ബിസിനസ്സ് വേദികളിൽ ചർച്ചാവിഷയമാക്കിയ വ്യക്തിയായിരുന്നു അദ്ദേഹം. ‘കോർപ്പറേറ്റ് ചാണക്യ’ എന്ന ഒറ്റ പുസ്തകത്തിലൂടെ തന്നെ ലക്ഷക്കണക്കിന് വായനക്കാരുടെ മനസ്സ് കീഴടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

ചാണക്യ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് സ്റ്റഡീസിലൂടെ (CIILS) പുതിയൊരു തലമുറയെ വാർത്തെടുക്കുന്ന തിരക്കിലായിരിക്കെയാണ് മരണം അദ്ദേഹത്തെ തേടിയെത്തിയത്. ലളിതമായ ജീവിതശൈലിയും അഗാധമായ പാണ്ഡിത്യവും കൊണ്ട് മുംബൈയിലെ മലയാളി സമൂഹത്തിലും അദ്ദേഹം ഏറെ പ്രിയങ്കരനായിരുന്നു.അറിവിന്റെയും പ്രചോദനത്തിന്റെയും വലിയൊരു ലോകം ബാക്കിയാക്കിയാണ് ഈ ‘ആധുനിക ചാണക്യൻ’ വിടവാങ്ങുന്നത്.

You may also like