മുംബൈ: നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും ഗൊറായിയിലെ മാൻഗ്രൂവ് പാർക്ക് (
കണ്ടൽക്കാട്)
പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്തത് വിവാദമാകുന്നു. ഉദ്ഘാടനം പലതവണ പ്രഖ്യാപിച്ചെങ്കിലും പ്രമുഖരുടെ സമയക്രമ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വീണ്ടും വീണ്ടും മാറ്റിവെക്കുകയാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മഹാ വികാസ് അഘാഡി സർക്കാരിന്റെ കാലത്ത് 2021-ലാണ് പദ്ധതി ആരംഭിച്ചത്. അന്നത്തെ പരിസ്ഥിതി-ടൂറിസം മന്ത്രി ആദിത്യ താക്കറെയുടെ നേതൃത്വത്തിലായിരുന്നു പദ്ധതിയുടെ പ്രവർത്തനങ്ങൾ. ഏകദേശം 33.43 കോടി രൂപ ചെലവഴിച്ച് എട്ട് ഹെക്ടർ വിസ്തൃതിയിലായി പാർക്ക് വികസിപ്പിച്ചു.
കണ്ടൽക്കാട് വനങ്ങളെ നശിപ്പിക്കാതെയാണു 750 മീറ്റർ നീളമുള്ള ഉയർന്ന ബോർഡ്‌വോക്ക് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ കായൽ ദൃശ്യങ്ങൾ ആസ്വദിക്കാനുള്ള പ്രത്യേക വീക്ഷണകേന്ദ്രം, 18 മീറ്റർ ഉയരമുള്ള പക്ഷിനിരീക്ഷണ ഗോപുരം, ലൈബ്രറി, കഫേ, റൂഫ്‌ടോപ്പ് റെസ്റ്റോറന്റ്, ഗിഫ്റ്റ് ഷോപ്പ് എന്നിവ ഉൾപ്പെടുന്ന നേച്ചർ ഇന്റർപ്രിറ്റേഷൻ സെന്ററും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
ബജറ്റ് സമ്മേളനത്തിനു പിന്നാലെ പാർക്ക് തുറക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ആദിത്യ താക്കറെ വനംമന്ത്രി ഗണേഷ് നായിക്കിന് കത്തയച്ചു. ഉദ്ഘാടനം വീണ്ടും വൈകുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
സ്കൂൾ വിദ്യാർഥികൾക്ക് കണ്ടൽക്കാട് പരിസ്ഥിതിയെ നേരിട്ട് പഠിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ ആരോപിച്ചു. അതേസമയം, ഈ ആഴ്ചയ്ക്കുള്ളിൽ പാർക്ക് തുറക്കാനാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് അധികൃതർ.