സ്ത്രീ ആരോഗ്യത്തിന് കരുതലായി താനെ; ജില്ലാ ആശുപത്രിയിൽ പ്രത്യേക പി.സി.ഒ.ഡി ക്ലിനിക്

by WhatsUp Mumbai

താനെ : സ്ത്രീാരോഗ്യ സംരക്ഷണത്തിന് പുതിയ മാതൃകയുമായി താനെ ജില്ലാ ആശുപത്രി. പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പി.സി.ഒ.ഡി) ബാധിതർക്കായി പ്രത്യേക ക്ലിനിക് ആരംഭിച്ചതോടെ യുവതികൾക്കും സ്ത്രീകൾക്കും സമഗ്ര ചികിത്സയും വിദഗ്ധ നിർദേശങ്ങളും ഒരേ കേന്ദ്രത്തിൽ ലഭ്യമാകും.

യുവതികളിലും കൗമാരക്കാരികളിലും പി.സി.ഒ.ഡി കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രി പ്രത്യേക ക്ലിനിക്കിന് തുടക്കമിട്ടത്. ക്രമരഹിതമായ മാസവരി, അമിതവണ്ണം, ഹോർമോൺ അസന്തുലിതാവസ്ഥ, വന്ധ്യത, മുഖക്കുരു, അമിത രോമവളർച്ച തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കാണ് ഈ സേവനം കൂടുതൽ പ്രയോജനകരമാകുക.

ഗൈനക്കോളജിസ്റ്റുകൾ, ഹോർമോൺ രോഗവിദഗ്ധർ, പോഷകാഹാര വിദഗ്ധർ, കൗൺസിലർമാർ എന്നിവരുടെ സംയുക്ത സേവനമാണ് ക്ലിനിക്കിലൂടെ ഒരുക്കിയിരിക്കുന്നത്. രോഗനിർണയം മുതൽ മരുന്ന് ചികിത്സ, ഭക്ഷണക്രമ നിയന്ത്രണം, വ്യായാമ നിർദേശങ്ങൾ, മാനസികാരോഗ്യ പിന്തുണ എന്നിവ വരെ സമഗ്ര പരിചരണം നൽകും.

ജീവിതശൈലിയിലെ മാറ്റങ്ങളും അനാരോഗ്യകരമായ ഭക്ഷണരീതികളും പി.സി.ഒ.ഡി കേസുകൾ ഉയരാൻ പ്രധാന കാരണങ്ങളാണെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അതിനാൽ രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുന്നത് ഭാവിയിലെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

സർക്കാർ ആശുപത്രിയിൽ സ്ത്രീകൾക്കായി ഇത്തരമൊരു പ്രത്യേക ക്ലിനിക് ആരംഭിച്ചതിനെ ആരോഗ്യരംഗം സ്വാഗതം ചെയ്തു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും വിദഗ്ധ ചികിത്സ എളുപ്പത്തിൽ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ പ്രവർത്തകരും നാട്ടുകാരും.

You may also like