മുംബൈ :മുംബൈ നഗരത്തിലെ പാർക്കിംഗ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ലക്ഷ്യമിട്ട് സ്മാർട്ട് പാർക്കിംഗ് സംവിധാനവുമായി ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി). നഗരത്തിലെ പാർക്കിംഗ് സൗകര്യങ്ങളെ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്ന പദ്ധതിക്കായി ബിഎംസി ആദ്യഘട്ടത്തിൽ മൂന്ന് കോടി രൂപ അനുവദിച്ചു.
പുതിയ സംവിധാനത്തിന്റെ ഭാഗമായി പ്രത്യേക മൊബൈൽ ആപ്പും വെബ് പോർട്ടലും വികസിപ്പിക്കും. നഗരത്തിലെ ഏത് ഭാഗങ്ങളിൽ പാർക്കിംഗ് ഒഴിവുകളുണ്ടെന്ന് വാഹനയാത്രക്കാർക്ക് തത്സമയം അറിയാനാകും. മുൻകൂട്ടി പാർക്കിംഗ് സ്ഥലം ബുക്ക് ചെയ്യാനും ഓൺലൈനായി പണമടയ്ക്കാനും സൗകര്യമൊരുക്കും. FASTag അടിസ്ഥാനമാക്കിയ ഡിജിറ്റൽ പേയ്മെന്റ് സംവിധാനവും പദ്ധതിയുടെ ഭാഗമാകും.
2020ൽ രൂപം നൽകിയ പദ്ധതിയാണ് ഇപ്പോൾ വീണ്ടും സജീവമാകുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി വിദഗ്ധ ഉപദേശക ഏജൻസിയെ നിയമിക്കുന്ന നടപടികൾ ബിഎംസി ആരംഭിച്ചു. അടുത്ത ഒരു വർഷത്തിനുള്ളിൽ പദ്ധതി വികസിപ്പിച്ച് ദക്ഷിണ മുംബൈയിലും കിഴക്കൻ-പശ്ചിമ ഉപനഗരങ്ങളിലുമായി അഞ്ച് വാർഡുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനാണ് തീരുമാനം.
വാഹനങ്ങളുടെ അനിയന്ത്രിത വർധനയും പാർക്കിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയും മുംബൈയിൽ ഗതാഗത പ്രതിസന്ധി രൂക്ഷമാക്കുന്ന സാഹചര്യത്തിലാണ് ബിഎംസിയുടെ പുതിയ നീക്കം. രാജ്യത്തെ മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ വാഹനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നാണ് മുംബൈ. കഴിഞ്ഞ വർഷം മാത്രം മൂന്ന് ലക്ഷത്തിലധികം പുതിയ വാഹനങ്ങളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്തത്.
നിലവിൽ നഗരത്തിലെ 26 ഓഫ്-സ്ട്രീറ്റ് പാർക്കിംഗ് കേന്ദ്രങ്ങളാണ് ബിഎംസി നിയന്ത്രിക്കുന്നത്. പുതിയ പദ്ധതിയുടെ ഭാഗമായി ഷോപ്പിംഗ് മാളുകൾ, വ്യാപാര സമുച്ചയങ്ങൾ, സ്വകാര്യ കെട്ടിടങ്ങൾ എന്നിവിടങ്ങളിലെ പാർക്കിംഗ് സൗകര്യങ്ങളും ഏകീകൃത ഡിജിറ്റൽ സംവിധാനത്തിലേക്ക് കൊണ്ടുവരും. കൂടാതെ, പകൽ സമയങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന റെസിഡൻഷ്യൽ പാർക്കിംഗ് ഇടങ്ങൾ പൊതുജനങ്ങൾക്ക് താത്കാലികമായി ഉപയോഗിക്കാൻ അനുവദിക്കുന്നതും ബിഎംസി പരിഗണിക്കുന്നുണ്ട്.