മുംബൈ : മുംബൈയെ നടുക്കിയ നാല് അംഗ കുടുംബത്തിന്റെ ദുരൂഹമരണത്തിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ. തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധയല്ല മരണകാരണമെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. തണ്ണിമത്തനിൽ കലർന്ന എലിവിഷമാണ് കുടുംബാംഗങ്ങളുടെ ജീവനെടുത്തതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
ദക്ഷിണ മുംബൈയിലെ പൈധോണി സ്വദേശികളായ അബ്ദുള്ള ഡോകാഡിയ (44), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരിച്ചത്. ഏപ്രിൽ 25-ന് രാത്രി വീട്ടിൽ ഭക്ഷണം കഴിച്ചശേഷം കുടുംബം തണ്ണിമത്തൻ കഴിക്കുകയായിരുന്നു. ഏതാനും മണിക്കൂറുകൾക്കകം എല്ലാവർക്കും കടുത്ത ഛർദിയും വയറിളക്കവും അനുഭവപ്പെട്ടു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല.
ആദ്യഘട്ടത്തിൽ ഭക്ഷ്യവിഷബാധയെന്നാണ് ആരോഗ്യവകുപ്പും പൊലീസും കരുതിയത്. എന്നാൽ ഭക്ഷണസാമ്പിളുകളിൽ ബാക്ടീരിയ ബാധയോ മറ്റ് വിഷാംശങ്ങളോ കണ്ടെത്താനായില്ല. ഇതോടെയാണ് അന്വേഷണം ഫോറൻസിക് പരിശോധനയിലേക്ക് കൂടുതൽ വ്യാപിപ്പിച്ചത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് നിർണായക വിവരം പുറത്തുവന്നത്. കുടുംബാംഗങ്ങളുടെ ശരീരാവയവങ്ങളിലും തണ്ണിമത്തന്റെ ശേഷിച്ച ഭാഗങ്ങളിലും ‘സിങ്ക് ഫോസ്ഫൈഡ്’ എന്ന മാരക രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി. സാധാരണയായി എലിവിഷമായി ഉപയോഗിക്കുന്ന അത്യന്തം അപകടകാരിയായ വിഷപദാർഥമാണിത്.
എലിവിഷം തണ്ണിമത്തനിൽ എങ്ങനെ കലർന്നുവെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. അപകടമരണമാണോ, ആത്മഹത്യയാണോ, അതോ ആസൂത്രിത കൊലപാതകമാണോ എന്നതടക്കമുള്ള എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു.