മുംബൈ : മഹാരാഷ്ട്ര സർക്കാരിന്റെ ദേവസ്ഥാൻ ഭൂമി കൈമാറ്റ നിയമനീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മഹാരാഷ്ട്ര മന്ദിർ മഹാസംഘ്. ക്ഷേത്രഭൂമികൾ വാടകക്കാർക്കും നിലവിലെ കൈവശക്കാർക്കും കൈമാറാനുള്ള സർക്കാർ നീക്കം ഉടൻ പിൻവലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. നിയമം പിൻവലിക്കാത്ത പക്ഷം സംസ്ഥാനവ്യാപക സമരത്തിന് ഇറങ്ങുമെന്നും മഹാസംഘ് മുന്നറിയിപ്പ് നൽകി.
നാഗ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് സംഘടനയുടെ നേതൃത്വത്തിന്‍റെ പ്രതികരണം. നിർദേശിച്ചിരിക്കുന്ന നിയമം ക്ഷേത്രസ്വത്തുക്കളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഭൂമിമാഫിയകൾക്കും നിർമാണലോബികൾക്കും അനുകൂല സാഹചര്യം സൃഷ്ടിക്കാനിടയുണ്ടെന്നും മഹാസംഘ് ആരോപിച്ചു.
ക്ഷേത്രഭൂമികൾ ദേവതയുടെ സ്വത്താണെന്നും അത് സ്വകാര്യ വ്യക്തികൾക്ക് കൈമാറാൻ ട്രസ്റ്റുകൾക്കോ സർക്കാരിനോ അധികാരമില്ലെന്നും മഹാസംഘ് ദേശീയ സംഘാടകൻ സുനിൽ ഘന്വത് വ്യക്തമാക്കി. ദേവസ്ഥാൻ ഭൂമിയിൽ വാടകക്കാർക്ക് ഉടമസ്ഥാവകാശം അനുവദിക്കാനാവില്ലെന്ന് സുപ്രീംകോടതിയും ഹൈക്കോടതികളും നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വഖഫ് ഭൂമികൾക്ക് പ്രത്യേക നിയമപരിരക്ഷ നൽകുന്ന സർക്കാർ, ക്ഷേത്രഭൂമികൾ കൈമാറാൻ ശ്രമിക്കുന്നത് വിവേചനപരമാണെന്നും സംഘടന വിമർശിച്ചു. ക്ഷേത്രഭൂമികളെ ‘കൈമാറ്റം ചെയ്യാനാവാത്ത സ്വത്ത്’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നും മഹാസംഘ് ആവശ്യപ്പെട്ടു.
നിയമപ്രമേയം പിൻവലിക്കുക, ക്ഷേത്രഭൂമി കൈയേറ്റങ്ങൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുക, ഭൂമിതർക്കങ്ങൾ വേഗത്തിൽ പരിഹരിക്കാൻ പ്രത്യേക കോടതികൾ സ്ഥാപിക്കുക എന്നിവ ഉൾപ്പെടെ അഞ്ച് ആവശ്യങ്ങളാണ് സംഘടന സർക്കാരിന് മുന്നിൽ ഉന്നയിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം ക്ഷേത്രട്രസ്റ്റുകളെയും ഭക്തജനങ്ങളെയും വിവിധ ഹിന്ദു സംഘടനകളെയും ഒന്നിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മഹാസംഘ് അറിയിച്ചു.