നവിമുംബൈ : നവി മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ തർക്കത്തെ തുടർന്ന് മംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം വൈകി. വിമാനത്തിനുള്ളിൽ സഹയാത്രികരുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട ദമ്പതികൾ ഭീഷണി മുഴക്കിയതോടെ യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പടർന്നു.
വിമാനത്തിൽ സീറ്റുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവങ്ങൾക്ക് തുടക്കമായത്. വിമാന ജീവനക്കാർ ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ദമ്പതികൾ പ്രകോപിതരായി മറ്റു യാത്രക്കാരുമായി തർക്കം തുടരുകയായിരുന്നു. ഇതോടെ വിമാനത്തിനുള്ളിൽ സംഘർഷാവസ്ഥ രൂപപ്പെട്ടു.
തർക്കത്തിനിടെ “താഴെ ഇറങ്ങൂ, ഞാൻ ആരാണെന്ന് കാണിച്ചുതരാം” എന്ന് പറഞ്ഞ് സഹയാത്രികരെ ദമ്പതികൾ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്. സംഭവം ചില യാത്രക്കാർ മൊബൈൽ ഫോണിൽ പകർത്തുകയും പിന്നാലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് വിമാനം നിശ്ചിത സമയത്ത് പുറപ്പെടാനായില്ല. വിമാനസുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്താവള അധികൃതരും ഇടപെട്ട ശേഷമാണ് സ്ഥിതി നിയന്ത്രണത്തിലായത്. സംഭവത്തിൽ പരാതി ലഭിച്ചതായും കൂടുതൽ അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.