മുംബൈ : നാസിക് ടിസിഎസ് കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതിയായ നിദ ഖാനെ ഒടുവിൽ പൊലീസ് പിടികൂടി. 25 ദിവസമായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന നിദ ഖാനെ ഛത്രപതി സംഭാജിനഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കേസിലെ നിർണായക പ്രതിയായ നിദയെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം വ്യാപക തിരച്ചിൽ നടത്തിയിരുന്നു.
ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ-മതപരിവർത്തന ആരോപണങ്ങളിലാണ് നിദ ഖാനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വനിതാ ജീവനക്കാരെ മതാചാരങ്ങൾ പിന്തുടരാൻ സമ്മർദം ചെലുത്തിയതടക്കമുള്ള ഗുരുതര ആരോപണങ്ങളും അന്വേഷണസംഘം ഉന്നയിക്കുന്നു.
നിദ ഖാന്റെ മുൻകൂർ ജാമ്യാപേക്ഷ നാസിക് കോടതി നേരത്തെ തള്ളിയിരുന്നു. കേസിൽ വിശദമായ ചോദ്യംചെയ്യൽ അനിവാര്യമാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി സ്വീകരിച്ചത്. ഇതിന് പിന്നാലെയാണ് നിദ ഒളിവിൽ പോയത്.
കേസിൽ നേരത്തെ രണ്ട് പുരുഷ സഹപ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചതും ജോലി സ്ഥലത്ത് ഉപദ്രവിച്ചതുമാണ് പ്രധാന ആരോപണങ്ങൾ. മതവികാരം വ്രണപ്പെടുത്തിയതും മതപരിവർത്തനത്തിന് സമ്മർദം ചെലുത്തിയതുമായ വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.
നിദ ഖാനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യംചെയ്യൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു. കേസിൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന സൂചനയും അന്വേഷണസംഘം നൽകി.