മുംബൈ: ചെവിയിലെ രോഗം സമയത്ത് ചികിത്സിക്കാതിരുന്നതിനെ തുടർന്ന് തലച്ചോറിൽ അപൂർവമായ രക്തക്കട്ട രൂപപ്പെട്ട ഒൻപത് വയസ്സുകാരിയെ മുംബൈയിലെ ശതാബ്ദി ആശുപത്രിയിലെ ഡോക്ടർമാർ വിജയകരമായി രക്ഷപ്പെടുത്തി. അതിവേഗ ചികിത്സയും കൃത്യമായ ശസ്ത്രക്രിയയും ചേർന്നാണ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായത്.
തലവേദന,പനി , ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നില ഗുരുതരമായി. വിശദമായ പരിശോധനയിൽ തലച്ചോറിലെ രക്തപ്രവാഹം തടസ്സപ്പെടുന്ന അപൂർവ രോഗാവസ്ഥയായ ‘സെറിബ്രൽ വീനസ് സൈനസ് ത്രോംബോസിസ്’ കണ്ടെത്തി.
കൂടുതൽ പരിശോധനയിൽ ചെവിയിലെ ഗുരുതര അണുബാധയായ കൊളസ്റ്റിയാറ്റോമയാണ് ഇതിന് കാരണമെന്നാണ് വ്യക്തമായത്. അണുബാധ തലച്ചോറിലേക്കും പടർന്നതോടെ ജീവൻ ഭീഷണിയിലായി.
ഇഎൻടി വിദഗ്ധർ ഉൾപ്പെട്ട ഡോക്ടർമാരുടെ സംഘം ഉടൻ ചികിത്സ ആരംഭിച്ചു. ആന്റിബയോട്ടിക് മരുന്നുകളും രക്തക്കട്ട നിയന്ത്രിക്കുന്ന മരുന്നുകളും നൽകി. തുടർന്ന് ശസ്ത്രക്രിയയിലൂടെ ബാധിത ഭാഗം നീക്കം ചെയ്തു. ചികിത്സയ്ക്കിടെ വെന്റിലേറ്റർ സഹായവും നൽകേണ്ടിവന്നു.
തുടർച്ചയായ ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ ആരോഗ്യനില സ്ഥിരതയിലായി. ചെവിയിലെ അസുഖങ്ങൾ അവഗണിക്കാതെ ഉടൻ ചികിത്സ തേടേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം വ്യക്തമാക്കുന്നതായി ഡോക്ടർമാർ അറിയിച്ചു.