ഭുജ്ബൽ സഞ്ചരിച്ച ഹെലികോപ്റ്റർ ഹെലിപാഡ് തെറ്റി പാർക്കിംഗിൽ; വൻ ദുരന്തം ഒഴിവായി

by WhatsUp Mumbai

മുംബൈ: മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബൽ സഞ്ചരിച്ച ഹെലികോപ്റ്റർ ഹെലിപാഡ് തെറ്റി സമീപത്തെ പാർക്കിംഗ് സ്ഥലത്ത് ഇറങ്ങിയത് ചെറിയ ആശങ്കകൾക്ക് വഴി വെച്ചു.വൻ അപകടം ഒഴിവാവുകയും ആരും പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

പൂനെ സമീപത്തെ പുരന്ദർ മേഖലയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഹെലിപാഡിൽ ഇറങ്ങേണ്ട ഹെലികോപ്റ്റർ തെറ്റിദ്ധാരണ മൂലം അടുത്തുള്ള പാർക്കിംഗ് പ്രദേശത്താണ് ഇറങ്ങിയത്. ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്ത് വാഹനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും വലിയ അപകടം ഒഴിവായത് ആശ്വാസമായി.

പൈലറ്റിന്റെ വിലയിരുത്തലിലെ പിഴവോ ദൃശ്യപരമായ പ്രശ്നങ്ങളോ കാരണമാകാമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സുരക്ഷാ നടപടികൾ പാലിച്ചിരുന്നോ എന്നതടക്കം വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

സംഭവത്തെ ‘അപകടം’ എന്നു വിശേഷിപ്പിക്കാനാകില്ലെന്നും, സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന തുടരുകയാണെന്നും മന്ത്രി ഛഗൻ ഭുജ്ബൽ പ്രതികരിച്ചു.

You may also like