മുംബൈയിൽ സെഷൻസ് കോടതിയിൽ സുരക്ഷാ വീഴ്ച; പൊലീസിനെ ആക്രമിച്ച് കൊലപാതക കേസ് പ്രതി രക്ഷപ്പെട്ടു

by WhatsUp Mumbai

മുംബൈ: നഗരത്തിലെ സെഷൻസ് കോടതിയിൽ ഗുരുതരമായ സുരക്ഷാ വീഴ്ച വെളിവായി. വെടിവെപ്പ്, കൊലപാതകശ്രമം കേസിലെ 42കാരനായ പ്രതി പൊലീസുകാരനെ ആക്രമിച്ച് കോടതിക്കുള്ളിൽ നിന്നുതന്നെ രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു. 

ആർതർ റോഡ് ജയിലിൽ നിന്ന് ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി, വിചാരണ നടപടികൾക്ക് ശേഷം ലോക്കപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപ്രതീക്ഷിതമായി പൊലീസ് കോൺസ്റ്റബിളിനെ ആക്രമിച്ച് ഓടിപ്പോയത്. 

2024 മാർച്ചിൽ ഒരാളിനെ വെടിവെച്ച കേസിൽ ഉൾപ്പെട്ട ഇയാൾ 2025 ജനുവരിയിലാണ് അറസ്റ്റിലായത്. ഒന്നിലധികം കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയാണെന്നും അന്വേഷണസംഘം വ്യക്തമാക്കി.

സംഭവത്തെ തുടർന്ന് കൊളാബ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താൻ റെയിൽവേ സ്റ്റേഷനുകൾ ഉൾപ്പെടെ പ്രധാന ഗതാഗത കേന്ദ്രങ്ങളിൽ പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു. 

കോടതി പരിസരത്ത് തന്നെ പ്രതി രക്ഷപ്പെട്ടത് സുരക്ഷാ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന സംഭവമായി മാറിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

You may also like