മുംബൈ: നഗരത്തിൽ പാചകവാതക ക്ഷാമത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടെ വൻ മോഷണം. കാന്തിവിലിയിലെ ചാർക്കോപ് പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ഗ്യാസ് വിതരണ ടെംപോയിൽ നിന്ന് 27 എൽപിജി സിലിണ്ടറുകൾ മോഷണം പോയതായി പൊലീസ് അറിയിച്ചു.
മാർച്ച് 25 ന് രാത്രിയിലാണ് സംഭവം നടന്നത്. അടുത്ത ദിവസം വിതരണം ചെയ്യാനായി സിലിണ്ടറുകൾ നിറച്ച നിലയിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തെ ലക്ഷ്യമിട്ടാണ് അജ്ഞാതർ മോഷണം നടത്തിയത്. ടെംപോയുടെ ഗ്ലാസ് തകർത്തും ലോക്ക് പൊട്ടിച്ചും കയറിയ പ്രതികൾ 5 നിറഞ്ഞതും 22 കാലിയുമായ സിലിണ്ടറുകൾ കവരുകയായിരുന്നു.
മാലാഡ് വെസ്റ്റ് സ്വദേശിയായ നന്ദകുമാർ രാംരാജ് സോണി (35) എന്ന ഗ്യാസ് വിതരണം ചെയ്യുന്ന തൊഴിലാളിയാണ് സംഭവം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പതിവ് വിതരണത്തിന് ശേഷം രാത്രി 11ഓടെ വാഹനം പാർക്ക് ചെയ്ത രാവിലെ 8 ഓടെ തിരിച്ചെത്തിയപ്പോൾ വാഹനത്തിൽ കവർച്ച നടന്നതായി കണ്ടെത്തുകയായിരുന്നു.
സഹപ്രവർത്തകരുമായി സ്ഥിരീകരിച്ചതിന് ശേഷം സോണി ചാർക്കോപ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായി മുംബൈ പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.