ബദലാപൂർ: സാമൂഹിക പരിഷ്കർത്താവും നവോത്ഥാന നായകനുമായ ശ്രീ മന്നത്ത് പത്മനാഭന്റെ പ്രതിമ അനാച്ഛാദനം ബദലാപൂർ രാമഗിരി ആശ്രമത്തിൽ നടത്തപ്പെടും. ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ചടങ്ങ്. മാർച്ച് 29 ഞായറാഴ്ച രാവിലെ 10 മണിക്ക് വിവിധ സാമുദായിക, ആധ്യാത്മിക, സാംസ്കാരിക നേതാക്കളുടെ സാന്നിധ്യത്തിൽ പ്രതിമ അനാച്ഛാദനം നിർവഹിക്കും.
ജാതിവ്യത്യാസങ്ങൾക്ക് അതീതമായി സമുദായ ഐക്യം ശക്തിപ്പെടുത്താൻ പ്രവർത്തിച്ച മഹാനായിരുന്നു മന്നത്ത് പത്മനാഭൻ എന്ന് ആശ്രമ മഠാധിപതി ശ്രീ കൃഷ്ണാനന്ദ സരസ്വതി വ്യക്തമാക്കി. അവർണ്ണർക്കുള്ള ക്ഷേത്രപ്രവേശനാവകാശത്തിനും തൊട്ടുകൂടായ്മ നിരാകരണത്തിനുമായി സവർണ്ണ ജാഥ നയിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സാമൂഹിക നവോത്ഥാനത്തിന് വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു.
ചങ്ങനാശ്ശേരിയിൽ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനത്തിന് സമുദായനാമം നൽകാതെ ‘ഹിന്ദു കോളേജ്’ എന്ന പേരാണ് നൽകിയതെന്നും, അദ്ദേഹത്തിന്റെ വിശാലമായ ചിന്താഗതിയുടെ ഉദാഹരണമാണിതെന്നും സ്വാമിജി ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ ആളുകൾക്ക് അദ്ദേഹത്തിന്റെ ജീവിതവും ആശയങ്ങളും അടുത്തറിയുന്നതിനായാണ് പ്രതിമ സ്ഥാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിമ അനാച്ഛാദനത്തിനുശേഷം സാംസ്കാരിക സമ്മേളനം സംഘടിപ്പിക്കും. വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ആശ്രമവൃത്തങ്ങൾ അറിയിച്ചു.