ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക്. 19 സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെ ഏകദേശം 50 സ്ഥാനാർഥികളുടെ ആദ്യ പട്ടികയ്ക്ക് കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി അംഗീകാരം നൽകി. ഈ പട്ടിക ഇന്ന് തന്നെ പുറത്തുവിടാനാണ് സാധ്യത.
ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിക്കാനായി കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി നാളെ വീണ്ടും യോഗം ചേരും. നാളത്തെ യോഗത്തിന് ശേഷം സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പള്ളി വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിലും നാളത്തെ യോഗത്തിൽ തീരുമാനം ഉണ്ടാകാനിടയുണ്ട്. അദ്ദേഹത്തിനെതിരായ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള സ്ക്രീനിങ് കമ്മിറ്റിയാണ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കാനുള്ള ശ്രമം നടത്തുന്നത്. നിലവിലെ സിറ്റിങ് എംഎൽഎമാരിൽ മൂന്ന് പേർ ഒഴികെ ബാക്കിയുള്ളവർ അതത് മണ്ഡലങ്ങളിൽ തന്നെ മത്സരിക്കുമെന്നാണ് സൂചന.
പാലക്കാട് മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലും, തൃപ്പൂണിത്തുറയിൽ മത്സരിക്കില്ലെന്ന് അറിയിച്ച കെ. ബാബുവിനെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നാണ് വിവരം.
പെരുമ്പാവൂരിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ എന്ന പേരും പരിഗണനയിലാണ്. പാലക്കാട് മണ്ഡലത്തിൽ രമേഷ് പിഷാരടി ഉൾപ്പെടെ ചിലരുടെ പേരുകളും, തൃപ്പൂണിത്തുറയിൽ രാജു പി. നായർ, ദീപക് ജോയി തുടങ്ങിയവരുടെ പേരുകളും പരിഗണനയിൽ ഉള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
നാളത്തെ യോഗത്തോടെ സ്ഥാനാർഥി നിർണയം അന്തിമമാക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.