മലയാളത്തിൽ നിന്ന് സ്പാനിഷിലേക്ക്; സ്പെയിനിൽ ‘ദി ഫേസ് ഓഫ് ദി ഫെയിസ്‌ലെസ്സ്’ ശ്രദ്ധ നേടുന്നു

by WhatsUp Mumbai

മുംബൈ : സിസ്റ്റർ റാണി മരിയയുടെ ജീവിതകഥ പറയുന്ന മലയാള ചിത്രം ‘ദി ഫേസ് ഓഫ് ദി ഫെയിസ്‌ലെസ്സ്’ സ്പാനിഷ് ഭാഷയിൽ ഡബ്ബ് ചെയ്ത് സ്പെയിനിലെ 40-ലധികം തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നു. ‘എൽ റോസ്‌ട്രോ ഡെൽ പെർഡോൺ’ എന്ന പേരിലാണ് ചിത്രം അവിടെ റിലീസ് ചെയ്തത്. ഒരു മലയാള സിനിമ ആദ്യമായി സ്പാനിഷ് ഭാഷയിൽ തിയേറ്ററുകളിൽ എത്തുന്നത് ശ്രദ്ധേയ നേട്ടമായാണ് വിലയിരുത്തുന്നത്.

പാവങ്ങൾക്കുവേണ്ടി പോരാടി കൊല്ലപ്പെട്ട കന്യാസ്ത്രീ സിസ്റ്റർ റാണി മരിയയുടെ ജീവിതകഥയാണ് ചിത്രത്തിന്റെ പ്രമേയം. കേരളത്തിൽ റിലീസ് ചെയ്തപ്പോൾ തന്നെ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.

‘ദി ഫേസ് ഓഫ് ദി ഫെയിസ്‌ലെസ്സ്’ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടിയ ചിത്രമാണ്. 2024ലെ ഓസ്കാർ പട്ടികയിൽ ഇടം നേടിയതോടൊപ്പം 125-ലധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ചിത്രം സ്വന്തമാക്കി. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നടന്ന ചലച്ചിത്രോത്സവങ്ങളിൽ മികച്ച ചിത്രം ഉൾപ്പെടെ നിരവധി വിഭാഗങ്ങളിലാണ് ഈ നേട്ടങ്ങൾ നേടിയത്.

സ്പെയിനിനൊപ്പം സൗത്ത് അമേരിക്കൻ രാജ്യങ്ങളിലുമാണ് ഇപ്പോൾ സ്പാനിഷ് പതിപ്പ് പ്രദർശിപ്പിക്കുന്നത്.

മുംബൈ മലയാളിയായ  ഷൈസൺ പി. ഔസെഫ് ആണ് ചിത്രത്തിന്റെ സംവിധായകൻ. ചാലക്കുടി മോതിരക്കണ്ണി സ്വദേശിയാണ്.ആറ് ഭാഷകളിൽ ഡബ്ബ് ചെയ്ത ചിത്രം ബുക്ക്‌മൈഷോയിൽ 9/10 റേറ്റിംഗും, ടൈംസ് ഓഫ് ഇന്ത്യയിൽ 4.7/5 റേറ്റിംഗും നേടി.

അമേരിക്കയിലെ സാൾട്ട് ലേക്ക് സിറ്റിയിലെ സ്പാനിഷ് സമൂഹ സംഘടനയായ ‘സെൻട്രോ സിവിക്കോ മെക്സിക്കാനോ’ അടുത്തിടെ ഷൈസൺ പി. ഔസെഫിനെ പുരസ്കാരം നൽകി ആദരിച്ചു.

You may also like