മുംബൈ : ഇന്ത്യയുടെ ആദ്യ ഹൈസ്പീഡ് റെയിൽ പദ്ധതിയായ അഹമ്മദാബാദ്–മുംബൈ ബുള്ളറ്റ് ട്രെയിൻ കോറിഡോറിൽ 2027-ൽ ട്രെയിൻ സർവീസ് ആരംഭിക്കും. ഇന്ത്യയിൽ നിർമ്മിക്കുന്ന ‘മേഡ് ഇൻ ഇന്ത്യ’ ബുള്ളറ്റ് ട്രെയിനുകളാണ് ഈ പാതയിൽ ഓടുക.
ആദ്യഘട്ടമായി സൂറത്ത്–വാപ്പി (ഏകദേശം 97 കിലോമീറ്റർ) ഭാഗത്താണ് സർവീസ് തുടങ്ങുക. 2027 ഓഗസ്റ്റോടെ ഈ സെക്ഷനിൽ ട്രെയിൻ ഓടിത്തുടങ്ങുമെന്നാണ് കേന്ദ്ര റെയിൽവേ അധികൃതർ അറിയിച്ചത്.
ആകെ 508 കിലോമീറ്റർ ദൈർഘ്യമുള്ള മുംബൈ–അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽ പാതയിൽ മണിക്കൂറിൽ 320 കിലോമീറ്റർ വരെ വേഗത്തിൽ ട്രെയിനുകൾ സഞ്ചരിക്കും. പദ്ധതി ഘട്ടംഘട്ടമായി പൂർത്തിയാക്കി പിന്നീട് മുഴുവൻ പാതയിലും സർവീസ് ആരംഭിക്കും.
‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ BEML ആണ് ട്രെയിൻ നിർമ്മിക്കുന്നത്. പദ്ധതി പൂർത്തിയായാൽ മുംബൈയും അഹമ്മദാബാദും തമ്മിലുള്ള യാത്രാസമയം ഗണ്യമായി കുറയും.
ഇന്ത്യയുടെ റെയിൽ ഗതാഗത രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിടുന്ന പദ്ധതിയായാണ് ബുള്ളറ്റ് ട്രെയിൻ വിലയിരുത്തപ്പെടുന്നത്.