ഗോരെഗാവ്–മുലുണ്ട് ലിങ്ക് റോഡ് 2028ലേക്ക്; കോസ്റ്റൽ റോഡുമായി ബന്ധിപ്പിക്കുന്ന സ്വപ്നപാതയ്ക്ക് വീണ്ടും താമസം

by WhatsUp Mumbai

മുംബൈ: നഗരത്തിലെ പ്രധാന ഗതാഗത പദ്ധതികളിൽ ഒന്നായ ഗോരെഗാവ്–മുലുണ്ട് ലിങ്ക് റോഡ് പദ്ധതി പൂർത്തിയാകുന്നത് ഇനി 2028 ലായിരിക്കും. മുൻ നിശ്ചയിച്ച സമയപരിധി പിന്നിലായതിനെ തുടർന്ന് പദ്ധതി വീണ്ടും വൈകുന്നതായി നഗരസഭ അറിയിച്ചു. യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയാണ് ഇത്.

ഏകദേശം 12.2 കിലോമീറ്റർ നീളമുള്ള ഈ പാത ഗോരെഗാവിനെ മുലുണ്ടുമായി നേരിട്ട് ബന്ധിപ്പിക്കും. പദ്ധതി പൂര്‍ത്തിയായാൽ യാത്രാസമയം 90 മിനിറ്റിൽ നിന്ന് ഏകദേശം 20 മിനിറ്റായി കുറയുമെന്നാണ് കണക്കുകൂട്ടൽ. വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയും ഈസ്റ്റേൺ എക്സ്പ്രസ് ഹൈവേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷ.

ഉയർന്ന നിലപ്പാത, ഫ്ലൈഓവർ, ഇരട്ട ടണൽ എന്നിവ ഉൾപ്പെടുന്ന സങ്കീർണ നിർമാണ ഘടകങ്ങളോടെയാണ് പദ്ധതി പുരോഗമിക്കുന്നത്. ദിന്ദോഷി കോടതി മുതൽ ദാദാസാഹേബ് ഫാൽക്കെ ചിത്രനഗരി ഭാഗത്തേക്കുള്ള ഫ്ലൈഓവർ ജോലികൾ മന്ദഗതിയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കരാറുകാരന് 50 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പ്രവർത്തന വേഗം കൂട്ടാൻ നിർദേശം നൽകിയതായും അധികൃതർ അറിയിച്ചു.

ഭാവിയിൽ വെർസോവ–ദഹിസർ കോസ്റ്റൽ റോഡുമായി ഈ പാത ബന്ധിപ്പിക്കാനാണ് ലക്ഷ്യം. അതുവഴി മുംബൈയുടെ പടിഞ്ഞാറൻ തീരപ്രദേശവും കിഴക്കൻ ഉപനഗരങ്ങളും കൂടുതൽ വേഗത്തിൽ ബന്ധിപ്പിക്കപ്പെടും.

എന്നാൽ വീണ്ടും വന്നിരിക്കുന്ന വൈകിപ്പ് യാത്രക്കാരെ നിരാശരാക്കുകയാണ്. നഗരത്തിലെ ഗതാഗതപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമായി കണക്കാക്കപ്പെടുന്ന ഈ പദ്ധതി ഇനി യെന്ന് പൂർത്തിയാകുമെന്നതാണ് മുംബൈക്കാർ ഉറ്റുനോക്കുന്നത്.

You may also like