മുംബൈ: മലാഡ് ഈസ്റ്റ് മലയാളി സമാജത്തിന്റെ നേതൃത്വത്തിൽ ഐക്യ കേരളത്തിന്റെ എഴുപതാം പിറന്നാൾ ആഘോഷവും ഓണാഘോഷവും വർണ്ണാഭമായ ചടങ്ങുകളോടെ സംഘടിപ്പിച്ചു. ഒരുമയുടെ സന്ദേശം പകരുന്ന മഹാബലി തമ്പുരാനെ വേദിയിലേക്ക് ആനയിച്ചുകൊണ്ടാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.
സമാജം പ്രസിഡന്റ് പി.എ. ജോൺസൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനത്തിൽ സെക്രട്ടറി ശ്രേയസ്സ് രാജേന്ദ്രൻ സമാജത്തിന്റെ വിവിധ പ്രവർത്തനങ്ങൾ വിലയിരുത്തി സംസാരിച്ചു. സമാജങ്ങൾ നിലവിൽ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങൾ ചൂണ്ടിക്കാട്ടിയ മുഖ്യാതിഥികളായ ബിജുകമാർ, അഡ്വ. രാഖി സുനിൽ എന്നിവർ ആഘോഷങ്ങൾക്ക് ആശംസകൾ നേർന്നു. വന്ദനാ സത്യൻ നന്ദി രേഖപ്പെടുത്തി.
സമ്മേളനത്തിനു ശേഷം സമാജം കലാവിഭാഗം അവതരിപ്പിച്ച ഘടനാപരമായ വിവിധ കലാപരിപാടികൾ അരങ്ങേറി. സമാജം അംഗങ്ങളുടെ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണവും ലക്കിഡ്രോ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നിർവഹിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് സമാപനമായത്.