പഴങ്ങൾ ആരോഗ്യത്തിന് എത്രത്തോളം നല്ലതാണെന്ന് എല്ലാവർക്കും അറിയാം. വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും വലിയൊരു കലവറ തന്നെയാണ് പഴങ്ങൾ. പഴങ്ങൾ കഴിക്കാൻ പൊതുവേ എല്ലാവർക്കും ഇഷ്ടവുമാണ്. അതുകൊണ്ടുതന്നെ വിപണിയിലും ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഉത്പന്നങ്ങളിൽ ഒന്നാണ് പഴങ്ങൾ. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴം ഏതാണെന്ന് അറിയാമോ?
ആപ്പിൾ, ഓറഞ്ച്, മുന്തിരി ഇവയിലൊന്നുമല്ല ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്നത്. വാഴപ്പഴമാണ് ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന പഴം. ഏഷ്യൻ വിപണിയിലാണ് വാഴപ്പഴത്തിന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. കർഷകർക്കും ഏറെ ലാഭം നൽകുന്ന കാർഷിക വിളകളിൽ ഒന്നാണ് വാഴപ്പഴം. കുറഞ്ഞ ചിലവിൽ കൃഷി ചെയ്യാൻ സാധിക്കും എന്നതാണ് വാഴക്കൃഷിയുടെ പ്രത്യേകത. ലോകത്താകമാനം 1000ത്തിൽ പരം ഇനം വാഴപ്പഴങ്ങൾ ഉള്ളതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ അതിൽ പകുതി മാത്രമാണ് കഴിക്കാൻ സാധിക്കുന്നത്.
ദഹനം മെച്ചപ്പെടുത്താൻ വാഴപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ പൊട്ടാസ്യത്തിന്റെ വലിയൊരു സ്രോതസ് കൂടിയാണ് വാഴപ്പഴം. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. വിറ്റാമിൻ ബി6, മഗ്നീഷ്യം, കോപ്പർ എന്നിവയും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തിനും വാഴപ്പഴം കഴിക്കുന്നത് വളരെ നല്ലതാണ്.
മാമ്പഴമാണ് ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന രണ്ടാമത്തെ പഴം. മൂന്നാം സ്ഥാനത്ത് ആപ്പിളും നാലാം സ്ഥാനത്ത് ഓറഞ്ചുമാണ് ഉള്ളത്. ഫൈബറിന്റെ വലിയൊരു സ്രോതസ് കൂടിയാണ് ആപ്പിൾ. വിറ്റാമിൻ സി, പോളിഫെനോൾസ് എന്നിവയും ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആപ്പിൾ കഴിക്കുന്നത് വളരെ നല്ലതാണ്. എന്നാൽ ആപ്പിൾ കഴിക്കുമ്പോൾ കുരു എടുത്തു കളയാൻ പ്രത്യേകം ശ്രദ്ധിക്കണം. ആപ്പിളിന്റെ കുരുവിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്. വിറ്റാമിൻ സി കൊണ്ട് സമ്പന്നമാണ് ഓറഞ്ച്. ചർമ്മത്തിന്റെ ആരോഗ്യത്തിനും കണ്ണിന്റെ കാഴ്ച ശക്തി വർദ്ധിപ്പിക്കാനും ഓറഞ്ച് കഴിക്കുന്നത് വളരെ നല്ലതാണ്.