മുംബൈ: നീറ്റ് വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ, കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി താക്കറെ സഹോദരന്മാർ രംഗത്ത്. ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയും ചേർന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് പാർക്കിൽ സംഘടിപ്പിച്ച ‘തിരംഗ വിജയ് മോർച്ച’ രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചലനമുണ്ടാക്കി.
വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിലും നീറ്റ് ക്രമക്കേടിലും പ്രതിഷേധിച്ചുള്ള സമരം ധർമേന്ദ്ര പ്രധാനിന്റെ രാജിയോടെ വിജയ റാലിയായി മാറുകയായിരുന്നു. ജനാധിപത്യ പ്രക്ഷോഭങ്ങളിലൂടെ ഭരണകൂടത്തെ തിരുത്തിക്കാൻ തലമുറയ്ക്ക് സാധിക്കുമെന്ന് രാജ് താക്കറെ പറഞ്ഞു. ധർമേന്ദ്ര പ്രധാനിന്റെ രാജിയോടെ പോരാട്ടം ‘ബി.ജെ.പി വിരുദ്ധ ഭാരത്’ തരംഗമായി മാറിയെന്ന് ഉദ്ധവ് താക്കറെയും വ്യക്തമാക്കി.
ചടങ്ങിൽ ആദിത്യ താക്കറെ, അമിത് താക്കറെ എന്നിവരും പങ്കെടുത്തു. ഷർമിള താക്കറെ, രശ്മി താക്കറെ എന്നിവർ യുവാക്കളെ അഭിവാദ്യം ചെയ്തു. തുടർന്ന്, സി.ജെ.പി സ്ഥാപകൻ അഭീജീത് ദീപ്കെയുടെ പ്രക്ഷോഭങ്ങൾക്കും രാഷ്ട്രീയ നിലപാടുകൾക്കും താക്കറെ സഹോദരന്മാർ പൂർണ പിന്തുണ പ്രഖ്യാപിച്ചു.