നവി മുംബൈ: വാഷി – നെരൂൾ ഭാഗത്ത് അലഞ്ഞുതിരിഞ്ഞു നടന്ന മലയാളി യുവതിയെ പൻവേലിലെ സീൽ ആശ്രമത്തിലേക്ക് തിരികെ കൊണ്ടുപോയി. ‘വാട്സ്അപ് മുംബൈ’ ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് യുവതിയെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭ്യമായത്.
ആശ്രമത്തിൽ നിന്ന് ഈ വർഷം മാർച്ച് 25-നാണ് യുവതിയെ കാണാതായത്. അൽപം മാനസിക വിഭ്രാന്തി നേരിട്ടിരുന്ന യുവതിയെ മുൻപ് ഇവിടെ പ്രവേശിപ്പിച്ചിരുന്നു. അവിടെ ചികിത്സ ലഭിച്ച് ആരോഗ്യം മെച്ചപ്പെട്ടുവരുന്നതിനിടെയാണ് കാണാതായത്.
വാഷി – നെരൂൾ ഭാഗത്ത് അലഞ്ഞുതിരിഞ്ഞു നടന്ന യുവതിയെക്കുറിച്ചുള്ള വിവരം റെയിൽവേ ഉദ്യോഗസ്ഥയായ സീമ പിള്ളയാണ് സാമൂഹിക പ്രവർത്തകൻ എസ്. കുമാറിനെ അറിയിച്ചത്. തുടർന്ന് എസ്. കുമാർ ഈ വിവരം ‘വാട്സ്ആപ്പ് മുംബൈ’യുമായി പങ്കുവെക്കുകയായിരുന്നു. വാഷി റെയിൽവേ സ്റ്റേഷൻ ഉദ്യോഗസ്ഥ സീമ പിള്ള,എസ് കുമാർ,ആർ.പി.എഫ് (RPF) മറ്റ് സുരക്ഷാ ജീവനക്കാർ എന്നിവർ ചേർന്ന് നടത്തിയ രണ്ടു ദിവസത്തെ തുടർച്ചയായ തെരച്ചിലിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത്.
വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ സീൽ ആശ്രമം അധികൃതരും തൊട്ടുപിന്നാലെ യുവതിയുടെ അടുത്ത ബന്ധുവും ‘വാട്സ്ആപ്പ് മുംബൈ’യിൽ വിവരങ്ങൾ കൈമാറി. തുടർന്ന് മാതാപിതാക്കളുടെ സാന്നിധ്യത്തിൽ ഇന്ന് വൈകിട്ട് 5 മണിയോടെ യുവതിയെ സീൽ ആശ്രമം അധികൃതർ ഏറ്റെടുത്ത് തിരികെ ആശ്രമത്തിലേക്ക് കൊണ്ടുപോയി.
കാണാതായ യുവതിയെ കണ്ടെത്താൻ പ്രധാന പങ്കുവഹിച്ച റെയിൽവേ ഉദ്യോഗസ്ഥ സീമാ പിള്ളയ്ക്കും സാമൂഹിക പ്രവർത്തകൻ എസ്. കുമാറിനും യുവതിയുടെ മാതാപിതാക്കൾ പ്രത്യേകം നന്ദി അറിയിച്ചു. ആർ.പി.എഫ് ടീമിനെ ഏകോപിപ്പിച്ച് തെരച്ചിലിന് കൃത്യമായ വഴിയൊരുക്കിയ സ്റ്റേഷൻ മാനേജർ രവീന്ദ്രകുമാർ രവിയുടെയും സംഘാംഗമായ ബീന നായരുടെയും ഇടപെടലും ഏറെ സഹായകരമായി.
മുംബൈ തെരുവുകളിൽ അനാഥരാക്കപ്പെടുന്നവർക്കും രോഗികൾക്കും ആലംബഹീനർക്കും സ്നേഹ തണലൊരുക്കുന്ന അഭയകേന്ദ്രമാണ് പൻവേലിലെ സീൽ ആശ്രമം. തെരുവിന്റെ വീഥികളിൽ ഉപേക്ഷിക്കപ്പെടുകയും ആരും നോക്കാനില്ലാതെ അലഞ്ഞുതിരിയുകയും ചെയ്യുന്ന മനുഷ്യരെ കണ്ടെത്തി, അവർക്ക് കൃത്യമായ പരിചരണവും ചികിത്സയും ഭക്ഷണവും നൽകി ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തുകയാണ് ഈ പ്രസ്ഥാനം. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന നൂറുകണക്കിന് ആളുകൾക്ക് തണലാകുന്ന സീൽ, ആരോഗ്യം വീണ്ടെടുക്കുന്നവരെ സ്വന്തം കുടുംബങ്ങളിലേക്ക് തിരികെ എത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തനത്തിലൂടെയും ശ്രദ്ധേയമാണ്