മുംബൈ: എപിഎംസി മാർക്കറ്റിൽ തണ്ണിമത്തൻ വിൽപ്പനയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. പൈധോണിയിൽ തണ്ണിമത്തൻ കഴിച്ചതിനെ തുടർന്നാണ് നാല് പേരുടെ മരണം സംഭവിച്ചതെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് വിപണിയിൽ ഏകദേശം 30 ശതമാനം വരെ വിൽപ്പന കുറഞ്ഞതായി വ്യാപാരികൾ അറിയിച്ചു.
ഇതിനിടെ Food and Drug Administration (FDA)യുടെ പരിശോധന നടപടികൾ വൈകുന്നതായി റിപ്പോർട്ട്. സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെങ്കിലും ഫലങ്ങൾ പുറത്തുവരാത്തത് ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.പരിശോധനാഫലങ്ങൾ പുറത്തു വരുന്നതുവരെ വ്യക്തമായ നിഗമനത്തിലെത്താൻ കഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്.
സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങൾ ഉപഭോക്താക്കളിൽ ആശങ്ക പരത്തിയതോടെ തണ്ണിമത്തനിന്റെ വാങ്ങൽ ഗണ്യമായി കുറഞ്ഞതായി വ്യാപാരികൾ വ്യക്തമാക്കി. എന്നാൽ തണ്ണിമത്തനുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ സ്ഥിരീകരിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും വ്യാപാര സംഘടനകൾ ഉറപ്പു നൽകുന്നു.
വേനൽക്കാലത്ത് ഏറെ ആവശ്യക്കാരുള്ള ഫലങ്ങളിൽ ഒന്നായ തണ്ണിമത്തൻ ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ മൂലം വിൽപ്പന നഷ്ടം നേരിടുന്നത് വ്യാപാരികളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. വ്യാജപ്രചാരണങ്ങളിൽ വിശ്വാസം വെക്കാതെ അധികൃതർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കണമെന്ന് വ്യാപാരികളും ആരോഗ്യവകുപ്പും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.