അന്ധേരി മെട്രോ സ്റ്റേഷനിൽ വർണപ്പൊലിമ: ആഗസ്റ്റ് 25 മുതൽ 27 വരെ സമാജത്തിന്റെ ഓണപ്പൂക്കളം

by WhatsUp Mumbai
Published: Updated:



മുംബൈ:ഓണാഘോഷത്തിന്റെ ഭാഗമായി മുംബൈ നഗരത്തിന് കേരളത്തിന്റെ തനിമയും പൈതൃകവും പരിചയപ്പെടുത്താൻ അന്ധേരി മലയാളി സമാജം ഒരുങ്ങുന്നു. മുംബൈയിലെ ഏറ്റവും തിരക്കേറിയ പൊതുഇടങ്ങളിലൊന്നായ മെട്രോ 1 അന്ധേരി മെട്രോ സ്റ്റേഷനിൽ ആഗസ്റ്റ് 25, 26, 27 തീയതികളിൽ ഭീമാകാരമായ വർണാഭമായ പൂക്കളം ഒരുക്കും.

ദിവസേന ഒരു ലക്ഷത്തിലേറെ യാത്രക്കാർ കടന്നുപോകുന്ന അന്ധേരി മെട്രോ സ്റ്റേഷനിൽ ഒരുക്കുന്ന ഈ പൂക്കളം ആയിരക്കണക്കിന് മുംബൈ നിവാസികൾക്കും വിവിധ ദേശങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്കും കേരളത്തിന്റെ തനതായ ഓണപ്പാരമ്പര്യം നേരിൽ കാണാനും ആസ്വദിക്കാനും അവസരമൊരുക്കും. പൂക്കൾകൊണ്ട് തീർക്കുന്ന ഒരു അലങ്കാരമെന്നതിലുപരി, സമൂഹജീവിതത്തിന്റെയും ഒരുമയുടെയും സന്തോഷത്തിന്റെയും കേരളീയ സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമാണ് പൂക്കളം.

കേരളത്തിന് പുറത്തു ജീവിക്കുന്ന മലയാളികൾക്ക് ഈ പൂക്കളം ഗൃഹാതുരമായ ഓർമകളുടെ പ്രതീകം കൂടിയാണ്. പൂക്കൾ ശേഖരിച്ച് വീട്ടുമുറ്റത്ത് പൂക്കളമൊരുക്കിയിരുന്ന ബാല്യകാലവും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ഒത്തുചേരലുകളും ആഘോഷപ്പെരുമയും ഈ പൂക്കളം മറുനാട്ടിലെ മലയാളികൾക്ക് വീണ്ടും അനുഭവവേദ്യമാക്കും. അതോടൊപ്പം മലയാളിയുടെ ഓണപ്പാരമ്പര്യത്തെക്കുറിച്ചും കേരളത്തിന്റെ പ്രാക്തന സാംസ്‌കാരിക ജീവിതത്തെക്കുറിച്ചും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും മുംബൈയിലെ വിവിധ ഭാഷാ-സാംസ്‌കാരിക സമൂഹങ്ങൾക്കും പരിചയപ്പെടാനുള്ള അവസരവും ലഭിക്കും.

ഓണം ഒരു സമൂഹത്തിന്റെയോ ഭാഷയുടെയോ മതത്തിന്റെയോ മാത്രം ആഘോഷമല്ല. മനുഷ്യരെ ഒരുമിപ്പിക്കുന്ന സാഹോദര്യത്തിന്റെയും പങ്കുവെക്കലിന്റെയും സന്തോഷത്തിന്റെയും സന്ദേശമാണ് നൽകുന്നത്. മുംബൈയുടെ ഹൃദയഭാഗത്ത്, ഒരു ലക്ഷത്തിലേറെ പേർ ദിവസവും കടന്നുപോകുന്ന ഇടത്ത് പൂക്കളമൊരുക്കുന്നതിലൂടെ കേരളത്തിന്റെ ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം,” അന്ധേരി മലയാളി സമാജം ഭാരവാഹികൾ അറിയിച്ചു. ഭാഷയ്ക്കും മതത്തിനും ദേശത്തിനും വേഷത്തിനും അതീതമായി മനുഷ്യരെ കൂട്ടിയിണക്കുന്ന സാംസ്‌കാരിക സൗഹൃദത്തിന്റെ വേദിയായി ഈ പൂക്കളം മാറും.

മുംബൈയുടെ തിരക്കേറിയ ജീവിതത്തിനിടയിൽ, ആഗസ്റ്റ്  25 മുതൽ 27 വരെ അന്ധേരി മെട്രോ സ്റ്റേഷനിലെത്തുന്നവർക്ക് കേരളത്തിന്റെ പൂക്കളും നിറങ്ങളും ഓണത്തിന്റെ സന്തോഷവും അനുഭവിക്കാം. കേരളത്തിന്റെ പൈതൃകവും ഓണത്തിന്റെ സന്ദേശമായ ഒരുമയും പങ്കുവെക്കാൻ അന്ധേരി മലയാളി സമാജം എല്ലാ മുംബൈ നിവാസികളെയും സ്നേഹപൂർവം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : സുരേന്ദ്ര ബാബു (ഫോൺ: 9820063617)

You may also like