പൻവേൽ-വഡോദര ഹൈവേയിൽ ദാരുണ ദുരന്തം: മലയാളി യുവതിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

by WhatsUp Mumbai

മുംബൈ: പൻവേൽ-വഡോദര ഹൈവേയിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ആഡംബര കാർ അപകടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ട് താനെ പോലീസ്. അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ബിഎംഡബ്ല്യു  കാറിന്റെ സ്പീഡോമീറ്റർ 251 കിലോമീറ്റർ വേഗത രേഖപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കാറപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അംഗദ് ഗിൽ (26) തന്നെയാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ബാന്ദ്ര വെസ്റ്റിൽ താമസിക്കുന്ന റെബേക്ക ബാബു ജേക്കബ്, ബദ്‌ലാപൂർ സ്വദേശിയായ യോഗേഷ് കിഷൻ നേഗി എന്നിവരാണ് അപകടത്തിൽ മരിച്ചത്.മരിച്ച റെബേക്ക ബാബു ജേക്കബിന്റെ മാതാപിതാക്കൾ കോട്ടയം ജില്ല സ്വദേശികളാണ്. ഒരു ഇംഗ്ലീഷ് പത്രത്തിൽ ജീവനക്കാരിയായിരുന്നു റെബേക്ക. അമ്മ അധ്യാപികയാണ്.

ഞായറാഴ്ച പുലർച്ചെ ഏകദേശം 2.39 ഓടെ ബദ്ലാപൂരിന് സമീപമാണ് രണ്ട് പേരുടെ ജീവനെടുത്ത ദാരുണമായ ദുരന്തം സംഭവിച്ചത്.

അമിതവേഗതയിലായിരുന്ന ആഡംബര കാർ വായുവിൽ പലതവണ മലക്കംമറിഞ്ഞ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ റൂഫ് (hood) താഴേക്ക് പതിച്ചതോടെ ഉള്ളിലിരുന്ന യാത്രക്കാർ ദൂരേക്ക് തെറിച്ചുപോയി. ഗുരുതരമായി പരിക്കേറ്റ യോഗേഷ് നേഗി, റെബേക്ക ജേക്കബ് എന്നിവർ അപകടസ്ഥലത്ത് വെച്ച് തന്നെ മരണത്തിന് കീഴടങ്ങി.  റെബേക്കയുടെ പ്രായം  24 എന്നും, അംഗദ് ഗില്ലിന്റെ പ്രായം 26 എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

വാഹനം ഓടിച്ചിരുന്ന  അംഗദ് ഗില്ലിനെ ഗുരുതരമായ പരിക്കുകളോടെ കല്യാണിലെ ഫോർട്ടിസ് ഹോസ്പിറ്റലിന്റെ തീവ്രപരിചരണ വിഭാഗത്തിൽ (ICU) പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം നടക്കുമ്പോൾ ആരാണ് ഡ്രൈവിംഗ് സീറ്റിൽ ഉണ്ടായിരുന്നതെന്ന കാര്യത്തിൽ ആദ്യം അവ്യക്തത ഉണ്ടായിരുന്നെങ്കിലും, വിശദമായ അന്വേഷണത്തിനൊടുവിൽ അംഗദ് ഗിൽ തന്നെയാണ് കാർ ഓടിച്ചതെന്ന് ബദ്ലാപൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ സീനിയർ ഇൻസ്പെക്ടർ കൈലാഷ് ഷിൻഡെ സ്ഥിരീകരിച്ചു.

അപകടത്തെത്തുടർന്ന് ഡ്രൈവർ അംഗദ് ഗില്ലിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യ, അശ്രദ്ധമായും അപകടകരമായും വാഹനം ഓടിക്കൽ, പരിധിയിൽ കൂടുതൽ വേഗത കൈവരിക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അപകടം നടന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും, ഇവിടെ തെരുവ് വിളക്കുകൾ സ്ഥാപിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അതേസമയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാത്ത റോഡിലൂടെയാണ് വാഹനം അതിവേഗത്തിൽ പാഞ്ഞതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട റെബേക്ക ബാബു ജേക്കബിന്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കും. ബാന്ദ്ര വെസ്റ്റിലെ വസതിയിൽ രാവിലെ 11 മണിക്ക് ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് ദാദറിലുള്ള സെന്റ് മേരീസ് കത്തീഡ്രലിൽ ശുശ്രൂഷകൾ നടക്കും. വൈകിട്ട് 3 മണിക്ക് സെവ്‌രി സെമിത്തേരിയിലാണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്.

You may also like