മുംബൈ: ഇന്ത്യയിൽ മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ ശാസ്ത്രവും ഹിന്ദു ജനസംഖ്യാ വിഹിതത്തിലുണ്ടാകുന്ന കുറവും ചർച്ചയാക്കുന്ന ‘ഡെമോഗ്രഫി ഈസ് ഡെസ്റ്റിനി’ ഡോക്യുമെന്ററി പത്തൊൻപതാമത് മുംബൈ രാജ്യാന്തര ചലച്ചിത്രമേളയിൽ (MIFF) പ്രദർശിപ്പിച്ചു. നാഷണൽ ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ (NFDC) സംഘടിപ്പിച്ച മേളയിലെ നാഷണൽ കോമ്പറ്റീഷൻ വിഭാഗത്തിലാണ് ചിത്രം എത്തിയത്. ദേശീയ അവാർഡ് ജേതാവ് കാമാഖ്യ നാരായൺ സിംഗും അൻഷുമാൻ ശേഖറും ചേർന്ന് സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് രവീന്ദ്ര സംഘ്വിയാണ്. മഹാരാഷ്ട്ര മന്ത്രിമാരായ ആശിഷ് ഷെലാർ, മംഗൾ പ്രഭാത് ലോധ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രദർശനം.
ചരിത്രരേഖകളും സെൻസസ് വിവരങ്ങളും അടിസ്ഥാനമാക്കിയാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. 1881-ലെ ആദ്യ സെൻസസിൽ രാജ്യത്തെ ഭൂരിപക്ഷ സമുദായം 82 ശതമാനമായിരുന്നത് 1941-ൽ 70 ശതമാനമായി കുറഞ്ഞുവെന്ന് ഡോക്യുമെന്ററി ചൂണ്ടിക്കാട്ടുന്നു. വിഭജനത്തിനു ശേഷം 1951-ൽ ഇത് 84 ശതമാനമായി ഉയർന്നുവെങ്കിലും 2011-ലെ സെൻസസിൽ വീണ്ടും 79 ശതമാനത്തിലേക്ക് താഴ്ന്നു. വരും നൂറ്റാണ്ടിൽ ഇത് ഇനിയും കുറയാമെന്നാണ് പ്രവചനം. പ്രജനന നിരക്ക്, കുടിയേറ്റം, മാറുന്ന കുടുംബ ഘടനകൾ എന്നിവയാണ് ഈ ജനസംഖ്യാ വ്യതിയാനത്തിന് കാരണം.
ഈ മാറ്റങ്ങൾ രാജ്യത്തിന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെയും സാംസ്കാരിക സ്വത്വത്തെയും സാമൂഹിക ഘടനയെയും ബാധിക്കുമെന്ന് സംവിധായകർ വാദിക്കുന്നു. പൗരന്മാർക്കിടയിലും ഭരണാധികാരികൾക്കിടയിലും ഈ വിഷയം ഗൗരവമായ ചർച്ചയാകണമെന്ന് സംവിധായകൻ കാമാഖ്യ നാരായൺ സിംഗ് പറഞ്ഞു. വിഷയം ദേശീയ പ്രാധാന്യമുള്ളതാണെന്ന് മന്ത്രിമാരായ ആശിഷ് ഷെലാറും മംഗൾ പ്രഭാത് ലോധയും അഭിപ്രായപ്പെട്ടു. പത്മശ്രീ ജേതാവ് ഡോ. ജിതേന്ദ്ര ബജാജ്, ജെ.എൻ.യു വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധൂളിപ്പുടി പണ്ഡിറ്റ്, എൻ.എച്ച്.ആർ.സി ചെയർപേഴ്സൺ വിജയ ഭാരതി സയാനി, എഴുത്തുകാരൻ രാജീവ് മൽഹോത്ര തുടങ്ങിയ പ്രമുഖരുടെ അഭിമുഖങ്ങളും ചിത്രത്തിലുണ്ട്.