86
മുംബൈ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെത്തുടർന്ന് സംയുക്ത വാർത്താസമ്മേളനം വിളിച്ച് ശിവസേന (യു.ബി.ടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും എം.എൻ.എസ് അധ്യക്ഷൻ രാജ് താക്കറെയും. നീറ്റ് പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാവ് അഭിജിത് ദിപ്കെയെയും വിദ്യാർത്ഥികളെയും അഭിനന്ദിച്ച ഇരുവരും, “ഇത് വെറുമൊരു ട്രെയിലർ മാത്രമാണ്” എന്ന് വ്യക്തമാക്കി.
ധർമേന്ദ്ര പ്രധാൻ രാജി വെച്ചെങ്കിലും വിദ്യാർത്ഥികളുടെ വിജയം ആഘോഷിക്കാൻ ദാദറിലെ ശിവാജി പാർക്കിൽ നിന്ന് സിദ്ധിവിനായക് ക്ഷേത്രത്തിലേക്കുള്ള ഞായറാഴ്ചത്തെ മാർച്ച് നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. അഭിജിത് ദിപ്കെയ്ക്ക് എം.എൻ.എസും ശിവസേന (യു.ബി.ടി) യും പൂർണ്ണ പിന്തുണ ഉറപ്പുനൽകി. ശിവസേന (യു.ബി.ടി) നേതാക്കളായ സഞ്ജയ് റാവത്ത് എം.പി, ആദിത്യ താക്കറെ എം.എൽ.എ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.