മുംബൈ : ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ, ടിക്കറ്റില്ലാതെയും അനധികൃതമായും യാത്ര ചെയ്യുന്നവരെ പിടികൂടാൻ വെസ്റ്റേൺ റെയിൽവേ (Western Railway) പ്രത്യേക പരിശോധനാ കാമ്പെയ്ന് തുടക്കമിട്ടു. ‘ഓപ്പറേഷൻ ദീപ്’ (Operation Deep) എന്ന് പേരിട്ടിരിക്കുന്ന ഈ പ്രത്യേക പദ്ധതിയിലൂടെ ലോക്കൽ ട്രെയിനുകളിലും ദീർഘദൂര സർവീസുകളിലും പരിശോധന ശക്തമാക്കാനാണ് റെയിൽവേയുടെ തീരുമാനം.
ഉത്സവ സീസണിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുമ്പോൾ ടിക്കറ്റില്ലാ യാത്രകളും അനധികൃത യാത്രികരുടെ എണ്ണവും ഉയരാറുള്ളത് കണക്കിലെടുത്താണ് റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും മിന്നൽ പരിശോധനകൾ നടത്തുന്നത്. കൂടാതെ, എസി ലോക്കൽ ട്രെയിനുകളിലും ഫസ്റ്റ് ക്ലാസ് കംപാർട്ട്മെന്റുകളിലും സാധാരണ ടിക്കറ്റുകളോ പാസുകളോ ഉപയോഗിച്ച് അനധികൃതമായി യാത്ര ചെയ്യുന്നവരെ തടയുന്നതിനും റെയിൽവേ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.
കഴിഞ്ഞ ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള കാലയളവിൽ ടിക്കറ്റില്ലാത്തവരും ക്രമരഹിതമായി യാത്ര ചെയ്തവരുമായ 13.47 ലക്ഷം പേരെയാണ് റെയിൽവേ കണ്ടെത്തിയത്. ഇതിലൂടെ പിഴയായി ഏകദേശം 100 കോടി രൂപയാണ് റെയിൽവേ ഈടാക്കിയത്. യാത്രക്കാർ ട്രെയിനുകളിൽ കയറുന്നതിന് മുൻപ് കൃത്യമായ ടിക്കറ്റ് എടുക്കണമെന്നും പരിശോധനാ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും റെയിൽവേ അധികൃതർ അഭ്യർത്ഥിച്ചു.