ന്യൂഡൽഹി/മുംബൈ: കുടുംബ വഴക്കുകളുടെ പേരിൽ വ്യാജ പോക്സോ കേസ് ചുമത്തുന്നതിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി. ആവശ്യമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ സഹോദരിക്കെതിരെ ഭാര്യ നൽകിയ പോക്സോ (POCSO) കേസ് സുപ്രീം കോടതി റദ്ദാക്കി.
ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഘഡ്കി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് തള്ളിയത്. ഇരട്ടക്കുട്ടികളുടെ അവകാശത്തെച്ചൊല്ലി വിവാഹമോചിതരായ ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് കേസിന് ആധാരം. ഭർതൃസഹോദരി മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു മാതാവിന്റെ ആരോപണം.
എന്നാൽ, മജിസ്ട്രേറ്റിന് മുൻപാകെ കുട്ടി നൽകിയ മൊഴിയിൽ ആരോപണങ്ങൾ തള്ളിക്കളയുകയായിരുന്നു. ഹർജിക്കാരിക്ക് വേണ്ടി അഡ്വക്കറ്റ് സനാ റയീസ് ഖാൻ ഹാജരായി. വൈവാഹിക തർക്കങ്ങളുടെ പേരിൽ പ്രതികാരം തീർക്കാൻ ബന്ധുക്കൾക്കെതിരെ വ്യാജ കേസുകൾ നൽകുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.