മുംബൈ: ഭീതി പരത്തി തുടർച്ചയായുണ്ടാകുന്ന പാമ്പുകടികളും മരണങ്ങളും തടയാൻ കർശന നടപടിയുമായി മഹാരാഷ്ട്ര സർക്കാർ. ഇനിമുതൽ സംസ്ഥാനത്ത് പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ നിർബന്ധമായും ആരോഗ്യവകുപ്പിനെ അറിയിക്കേണ്ട വൻ അപകടാവസ്ഥയുള്ള രോഗങ്ങളുടെ പട്ടികയിൽ (നോട്ടിഫൈബിൾ ഡിസീസ്) ഉൾപ്പെടുത്തി.
2023 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള വെറും മൂന്ന് വർഷത്തിനിടെ 1,29,000-ഓളം ആളുകൾക്കാണ് സംസ്ഥാനത്ത് പാമ്പുകടിയേറ്റത്. 656 പേർ ജീവനോടെ മരണത്തിന് കീഴടങ്ങി. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 2023-24 വർഷത്തിൽ 48,711 പാമ്പുകടികളും 146 മരണങ്ങളും നടന്നപ്പോൾ, 2024-25 ൽ 38,491 സംഭവങ്ങളും 282 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്താണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. ഇനിമുതൽ പാമ്പുകടിയേറ്റ സംശയമുള്ള കേസുകൾ പോലും സർക്കാർ-സ്വകാര്യ ആശുപത്രികളും മെഡിക്കൽ കോളേജുകളും ഡോക്ടർമാരും നിർബന്ധമായും സർക്കാരിൽ റിപ്പോർട്ട് ചെയ്യണം.
ഗുരുതര സാഹചര്യങ്ങളും മരണങ്ങളും ഉടനടി ജില്ലാ ആരോഗ്യ ഓഫീസർ മാരെയോ ജില്ലാ സിവിൽ സർജന്മാരെയോ അറിയിക്കണം. കടിയേറ്റ സമയം, സ്ഥലം, രോഗിയുടെ വിവരങ്ങൾ, ലക്ഷണങ്ങൾ, നൽകിയ വിഷസംഹാരി മരുന്നിന്റെ അളവ് തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തണം. സംസ്ഥാന-ജില്ലാ തലങ്ങളിൽ പദ്ധതി നിരീക്ഷണത്തിനായി പ്രത്യേക ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിഷബാധയ്ക്കുള്ള പ്രതിരോധ മരുന്നുകൾ (ആന്റി സ്നേക്ക് വെനം) ആശുപത്രികളിൽ ആവശ്യത്തിന് ലഭ്യമാണെന്ന് ഉറപ്പാക്കാൻ മരുന്നുകളുടെ കണക്ക് കൃത്യമായി സൂക്ഷിക്കാനും നിർദ്ദേശമുണ്ട്. കൃത്യസമയത്ത് വിവരങ്ങൾ ശേഖരിക്കുന്നത് വഴി കൂടുതൽ അപകട സാധ്യതയുള്ള പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികളും ചികിത്സയും ഉറപ്പാക്കാൻ സാധിക്കുമെന്ന് പൊതുജനാരോഗ്യ കുടുംബക്ഷേമ മന്ത്രി പ്രകാശ് അബിത്കർ വ്യക്തമാക്കി.