നവി മുംബൈ: വാഹനം മറികടന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ ടാക്സി ഡ്രൈവറെ കാറിന്റെ മുന്നിലെ ബോണറ്റിലിരുത്തി രണ്ടു കിലോമീറ്ററോളം ഭീതിജനകമായി വണ്ടിയോടിച്ചു പോയതായി പരാതി. അക്രമിയുടെ തലയ്ക്കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ നൈഗാവ് സ്വദേശി പ്രദീപ്കുമാർ പാണ്ഡെ (27) എന്ന ഓല ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെരൂളിൽ ഓഗസ്റ്റ് 15-ന് രാത്രി 9.35-ഓടെയാണ് സംഭവം നടന്നത്.
സെക്ടർ 20-ലെ സർസോലെ ഗ്രാമത്തിന് സമീപമുള്ള ഉൾറോഡിൽ വച്ച് മറ്റൊരു സ്വിഫ്റ്റ് കാറിനെ മറികടക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണം. ആ സമയം രോഷാകുലനായ സ്വിഫ്റ്റ് കാർ ഡ്രൈവർ മുളവടി കൊണ്ട് പ്രദീപ്കുമാറിന്റെ തലയ്ക്കടിക്കുകയായിരുന്നു. പ്രദീപ്കുമാർ ജീവനുംകൊണ്ട് കാറിന്റെ മുന്നിലേക്ക് ചാടിയതോടെ, ഇയാളെ ബോണറ്റിൽ കിടത്തിക്കൊണ്ട് തന്നെ അക്രമി വാഹനം അതിവേഗത്തിൽ മുന്നോട്ട് പായിക്കുകയായിരുന്നു.
വണ്ടി നിർത്താൻ പ്രദീപ്കുമാർ നിലവിളിച്ച് അപേക്ഷിച്ചെങ്കിലും കാർ ഡ്രൈവർ വേഗത കൂട്ടുകയാണുണ്ടായത്. ഒടുവിൽ വണ്ടിയുടെ വേഗത അല്പം കുറഞ്ഞ സമയത്ത് പ്രദീപ്കുമാർ ബോണറ്റിൽ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ഇയാളെ റോഡിൽ ഉപേക്ഷിച്ച് അക്രമി കാറുമായി കടന്നുകളഞ്ഞു.
സംഭവത്തിൽ പ്രദീപ്കുമാറിന്റെ പരാതിയിൽ നെരൂൾ പൊലീസ് കേസെടുത്തു. പരുക്കേൽപ്പിക്കൽ, ജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ അതിവേഗത്തിൽ വാഹനമോടിക്കൽ തുടങ്ങിയ നിയമവകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് നെരൂൾ സ്റ്റേഷൻ ഇൻസ്പെക്ടർ കാംബ്ലെ അറിയിച്ചു. ഒളിവിലുള്ള പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.