മുംബൈ : നെഞ്ചുവേദനയെ
തുടർന്ന് എൻ.സി.പി (എസ്.പി) അധ്യക്ഷൻ ശരദ് പവാറിനെ പുണെയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുടുംബവും ആശുപത്രി അധികൃതരും വ്യക്തമാക്കി.
ചുമയെ തുടർന്നുള്ള അസ്വസ്ഥതകളും നെഞ്ചുവേദനയും അനുഭവിച്ചതിനെ തുടർന്നാണ് 85 കാരനായ ശരദ് പവാറിനെ പുണെയിലെ റൂബി ഹോൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. നിലവിൽ അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും വിവിധ പരിശോധനകൾ നടന്നുവരികയാണെന്നും ആശുപത്രി ചെയർമാനും ചീഫ് കാർഡിയോളജിസ്റ്റുമായ ഡോ. പർവേസ് കെ ഗ്രാൻ്റ് അറിയിച്ചു.
ശരദ് പവാർ ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരം അദ്ദേഹത്തിന്റെ മകളും എൻ.സി.പി (എസ്.പി) വർക്കിങ് പ്രസിഡന്റുമായ സുപ്രിയ സുലെ സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ എല്ലാ ആരോഗ്യ പാരാമീറ്ററുകളും സാധാരണ നിലയിലാണെന്നും ആശ്വാസകരമാണെന്നും സുപ്രിയ സുലെ അറിയിച്ചു. മുൻകരുതൽ എന്ന നിലയ്ക്കാണ് അദ്ദേഹത്തെ നിരീക്ഷണത്തിൽ തുടരുന്നത്.