മുംബൈ: ഫെയ്മ മഹാരാഷ്ട്ര വനിതാവേദി മുംബൈ സോണിന്റെ ആഭിമുഖ്യത്തിൽ പ്രതിമാസ ഓൺലൈൻ നിയമബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. “SARFAESI ആക്ട്, ബാങ്ക് വായ്പകൾ, ഹോംബയേഴ്സിന്റെ അവകാശങ്ങൾ” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ബോംബെ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകനും ബാങ്കിംഗ് നിയമവിദഗ്ധനുമായ അഡ്വ. അജയ് കുമാർ എ.വി. മുഖ്യപ്രഭാഷണം നടത്തി. ഗീത ദാമോദരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ രഞ്ജിനി നായർ മോഡറേറ്ററായി സെഷൻ നിയന്ത്രിച്ചു.
ബാങ്കിംഗ് നിയമരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള അഡ്വ. അജയ് കുമാർ, സങ്കീർണ്ണമായ നിയമവശങ്ങൾ ലളിതമായി വിശദീകരിച്ചു. SARFAESI ആക്ട്, NPA (Non-Performing Asset), ലോൺ ഡിഫോൾട്ട് ഉണ്ടാകുമ്പോൾ ബാങ്കുകൾ സ്വീകരിക്കുന്ന നിയമനടപടികൾ, ബാങ്ക് നോട്ടീസുകൾക്ക് നിയമപരമായി എങ്ങനെ പ്രതികരിക്കണം എന്നിവ അദ്ദേഹം ചൂണ്ടിക്കാട്ടി. വായ്പാ രേഖകളുടെ പ്രാധാന്യം, Loan Avail Date, പലിശയും കൂട്ടുപലിശയും കണക്കാക്കുന്ന രീതികൾ, വൺ ടൈം സെറ്റിൽമെന്റ് (OTS) സാധ്യതകൾ, പൊതുമേഖലാ-സഹകരണ ബാങ്കുകളുടെ നടപടിക്രമങ്ങളിലെ വ്യത്യാസങ്ങൾ എന്നിവയും ചർച്ചയായി.
കൂടാതെ, Fair Practice Code, ഉപഭോക്തൃ അവകാശങ്ങൾ, 2024-ലെ RBI മാർഗനിർദേശങ്ങൾ, ഹോം ലോൺ, വിദ്യാഭ്യാസ വായ്പ, ഹോംബയേഴ്സിന്റെ അവകാശങ്ങൾ, വനിതകളും കുടുംബങ്ങളും അറിഞ്ഞിരിക്കേണ്ട സാമ്പത്തിക-നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ എന്നിവയും സെമിനാറിൽ വിശദമായി ചർച്ച ചെയ്തു. സാമ്പത്തിക പ്രതിസന്ധികളിൽ ബാങ്കുകളുമായി തുറന്ന ആശയവിനിമയം നിലനിർത്തേണ്ടതിന്റെയും നിയമപരമായ അവസരങ്ങൾ പ്രയോജനപ്പെടുത്തി വായ്പാ തിരിച്ചടവ് ക്രമീകരിക്കേണ്ടതിന്റെയും ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
”അറിവിലൂടെ ശക്തീകരണം – അവകാശങ്ങളിലൂടെ ആത്മവിശ്വാസം” എന്ന സന്ദേശമുയർത്തിയ സെമിനാർ പങ്കെടുത്തവർക്ക് ഏറെ പ്രയോജനപ്രദമായി. ഫെയ്മ മഹാരാഷ്ട്ര വനിതാവേദി അമരാവതി സോണിന്റെ നേതൃത്വത്തിൽ അടുത്ത സെമിനാർ ജൂലൈ മാസത്തിൽ സംഘടിപ്പിക്കുമെന്ന് വിനീത പിള്ള (ചെയർപേഴ്സൺ), ബോബി സുലക്ഷണ (കൺവീനർ), ഫെയ്മ മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് അനൂ ബി. നായർ, ജോയിന്റ് സെക്രട്ടറി സുമി ജൻട്രി എന്നിവർ അറിയിച്ചു.