നവിമുംബൈ: മുംബൈയിലെ മലയാളി മനസ്സുകളിൽ സംഗീതത്തിന്റേയും ചിരിയുടേയും അലയൊലികൾ തീർക്കാൻ പ്രവാസി സാംസ്കാരിക വേദി ഒരുങ്ങുന്നു. കേരള സമാജം ഉൾവെ നോഡിന്റെ (KSUN) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രൗഢഗംഭീരമായ ലൈവ് കോൺസേർട്ട് ‘സ്ട്രിങ് ബീറ്റ്സ് 2026’ (String Beats 2026) വരും ദിവസങ്ങളിൽ നവിമുംബൈയിലെ ഏറ്റവും വലിയ സാംസ്കാരിക ചർച്ചാവിഷയമാകും. ജൂൺ 13 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ ഉൾവെ സെക്ടർ 19B-യിലെ ഭൂമിപുത്ര ഭവനിൽ വെച്ചാണ് പ്രവാസ ലോകത്തിന് വിസ്മയവിരുന്നേകുന്ന ഈ സംഗീത സായാഹ്നം അരങ്ങേറുന്നത്. ‘നമ്മെ ഒന്നിപ്പിക്കുന്ന സംഗീതം’ (Music that brings us together) എന്ന മനോഹരമായ പ്രമേയത്തിലാണ് പരിപാടി ജനങ്ങളിലേക്ക് എത്തുന്നത്.
വയലിൻ തന്ത്രികളിൽ സംഗീതത്തിന്റെ മാസ്മരിക പ്രപഞ്ചം തീർക്കുന്ന പ്രശസ്ത വയലിനിസ്റ്റും പിന്നണി ഗായികയുമായ രൂപ രേവതിയും, ജനപ്രിയ ഗായകൻ സലീൽ സലിമും ചേർന്നാണ്
സംഗീതപ്രേമികൾക്ക് വേറിട്ടൊരു സംഗീതാനുഭവം സമ്മാനിക്കും.”
ഇവർക്കൊപ്പം ജിയോ ജേക്കബ്, ജോബി പയസ്, കൃഷ്ണപ്രസാദ് മൃദംഗം, സുമേഷ് ആനന്ദ്, യാസിർ അഷറഫ്, നിജിത് എന്നിവരടങ്ങുന്ന പ്രമുഖ വാദ്യകലാകാരന്മാരുടെ വിപുലമായ നിരയും വേദിയിൽ ലൈവായി അണിനിരക്കും. വയലിൻ നാദവും വെസ്റ്റേൺ-ക്ലാസിക്കൽ ഫ്യൂഷൻ താളങ്ങളും കോർത്തിണക്കിയുള്ള ഈ മ്യൂസിക് ബാൻഡ് നവിമുംബൈയിലെ മലയാളി സമൂഹത്തിന് വേറിട്ടൊരു ദൃശ്യ-ശ്രാവ്യ വിരുന്നായിരിക്കും സമ്മാനിക്കുകയെന്ന് സംഘാടകർ ഉറപ്പുനൽകുന്നു.
സംഗീതത്തിനൊപ്പം വേദിയിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താൻ ജനലക്ഷങ്ങളുടെ പ്രിയപ്പെട്ട മിമിക്രി താരം മഹേഷ് കുഞ്ഞുമോനും എത്തുന്നുണ്ട്. ശബ്ദാനുകരണ രംഗത്തെ അത്ഭുത പ്രതിഭയായ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പ്രകടനങ്ങൾ കാണികൾക്ക് നർമ്മത്തിൽ ചാലിച്ച അവിസ്മരണീയ നിമിഷങ്ങളാകും സമ്മാനിക്കുക. പ്രമുഖ രാഷ്ട്രീയ-സിനിമ വ്യക്തിത്വങ്ങളുടെ ശബ്ദങ്ങൾ വേദിയിൽ പുനർജനിക്കുമ്പോൾ കാണികൾക്ക് അത് ചിരിയുടെയും വിസ്മയത്തിന്റെയും പുതിയൊരു അനുഭവമായി മാറും.