മുംബൈ: മുംബൈയിലെ മുലുണ്ടിൽ 73-കാരിയായ അമ്മയുടെ ഫ്ലാറ്റിൽ നിന്ന് മകനും മരുമകളും ഒഴിഞ്ഞുപോകണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. മുതിർന്ന പൗരന്മാർക്ക് സ്വന്തം വീട്ടിൽ മാന്യമായും സമാധാനത്തോടെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം എന്ന് കോടതി വ്യക്തമാക്കി.
അമ്മയുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് മകനും മരുമകളും താമസിച്ചിരുന്നത്. ഇവർ പീഡിപ്പിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുകയും ചെയ്തതായി ആരോപിച്ച് അമ്മ സീനിയർ സിറ്റിസൺ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.
പരാതി പരിശോധിച്ച ട്രിബ്യൂണൽ മകനും മരുമകളും ഫ്ലാറ്റ് ഒഴിയണമെന്ന് ഉത്തരവിട്ടു. ഈ തീരുമാനം അപ്പീൽ അധികാരിയും ശരിവച്ചു. തുടർന്ന് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹർജി തള്ളുകയായിരുന്നു.
മുതിർന്നവർക്ക് അവരുടെ സ്വന്തം സ്വത്തിൽ സുരക്ഷിതമായി ജീവിക്കാൻ നിയമപരമായ അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.