മുംബൈ : യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന താനെ-മുലുണ്ട് പുതിയ റെയിൽവേ സ്റ്റേഷൻ പദ്ധതിക്ക് കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി. താനെ, മുലുണ്ട് സ്റ്റേഷനുകളിലെ കടുത്ത യാത്രക്കാരുടെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സ്റ്റേഷൻ നിർമ്മിക്കുന്നത്.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാഫിസ് ആണ് പദ്ധതിക്ക് അനുമതി ലഭിച്ച വിവരം അറിയിച്ചത്. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രിക്കയച്ച കത്തിലൂടെയാണ് പ്രാഥമിക അനുമതി നൽകിയ വിവരം സ്ഥിരീകരിച്ചത്.
ഘോഡ്ബന്ദർ റോഡ്, പൊഖ്‌റാൻ റോഡ്, വാഗ്ളെ എസ്റ്റേറ്റ് ഉൾപ്പെടെയുള്ള താനെയിലെ വേഗത്തിൽ വികസിക്കുന്ന പ്രദേശങ്ങളിലെ യാത്രക്കാർക്ക് പുതിയ സ്റ്റേഷൻ വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഈ മേഖലകളിലെ യാത്രക്കാർ താനെ, മുലുണ്ട് സ്റ്റേഷനുകളെ ആശ്രയിക്കുന്നതിനാൽ ഇരുസ്റ്റേഷനുകളിലും അതിരൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്.
പുതിയ സ്റ്റേഷൻ നിലവിൽ വന്നാൽ താനെ സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക് ഏകദേശം 31 ശതമാനവും മുലുണ്ട് സ്റ്റേഷനിലെ തിരക്ക് 24 ശതമാനവും വരെ കുറയുമെന്നാണ് റെയിൽവേയുടെ കണക്ക്. ഉപനഗര റെയിൽ യാത്ര കൂടുതൽ സുഗമമാക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ.
2019ലാണ് പദ്ധതി ആദ്യമായി മുന്നോട്ടുവന്നത്. സെൻട്രൽ റെയിൽവേയുടെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുക. സ്റ്റേഷനുമായി ബന്ധപ്പെട്ട റെയിൽവേ അടിസ്ഥാനസൗകര്യങ്ങൾ റെയിൽവേ തന്നെ നിർമിക്കും. സ്റ്റേഷൻ പരിസര വികസനവും അനുബന്ധ സൗകര്യങ്ങളും താനെ സ്മാർട്ട് സിറ്റി ലിമിറ്റഡിന്റെ സഹകരണത്തോടെ ഒരുക്കും.
ഏകദേശം 14.83 ഏക്കർ ഭൂമിയിലാണ് സ്റ്റേഷൻ നിർമ്മിക്കുക. മുൻപ് താനെ മാനസികാരോഗ്യ ആശുപത്രിക്കായി സംവരണം ചെയ്തിരുന്ന ഭൂമിയാണ് ഇതിനായി അനുവദിച്ചത്. ബോംബെ ഹൈക്കോടതിയുടെ അനുമതിക്ക് പിന്നാലെ 2023ൽ ഭൂമി റെയിൽവേയ്ക്ക് കൈമാറുകയായിരുന്നു.
പാർക്കിങ് സൗകര്യം, ബസ് ടെർമിനൽ, ഉയർന്ന ഡെക്ക് സംവിധാനം ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളോടെയാകും സ്റ്റേഷൻ നിർമിക്കുക. അവസാന മൈൽ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായകരമാകുമെന്നാണ് പ്രതീക്ഷ.
ആദ്യഘട്ടത്തിൽ ഏകദേശം 120 കോടി രൂപ ചെലവ് കണക്കാക്കിയിരുന്ന പദ്ധതിയുടെ ചെലവ് പിന്നീട് 245 കോടി രൂപയ്ക്കുമുകളിൽ ഉയർന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പദ്ധതി വൈകിയെങ്കിലും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ഇടപെടലോടെ നടപടികൾ വീണ്ടും വേഗത്തിലായി.
അന്തരിച്ച ശിവസേന നേതാവ് ആനന്ദ് ദിഗെയുടെ പേര് പുതിയ സ്റ്റേഷനിന് നൽകണമെന്ന പ്രമേയവും താനെ മുനിസിപ്പൽ കോർപ്പറേഷൻ പാസാക്കിയിട്ടുണ്ട്. വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറായതിന് ശേഷമാകും അന്തിമ അനുമതിയും നിർമാണ നടപടികളും ആരംഭിക്കുക.