മുംബൈ: ക്രമസമാധാന പാലനവും പൊതുജന സുരക്ഷയും മുൻനിർത്തി രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 23 രാത്രി 12:01 മുതൽ ഓഗസ്റ്റ് 6 അർദ്ധരാത്രി വരെയാണ് നഗരത്തിൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുന്നത്. മഹാരാഷ്ട്ര പോലീസ് ആക്ട് പ്രകാരം മുംബൈ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ (ഓപ്പറേഷൻസ്) അക്ബർ പഠാൻ ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
പൊതുസമാധാന തകർച്ചയ്ക്കും ജീവനും സ്വത്തിനും ഭീഷണിയായേക്കാവുന്ന അക്രമ സംഭവങ്ങൾക്കും സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിരോധ നടപടിയെന്ന നിലയിൽ പോലീസ് നിരോധനാജ്ഞ ഏർപ്പെടുത്തിയത്. നഗരത്തിൽ പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തുചേരുന്നത് പൂർണ്ണമായും തടഞ്ഞിട്ടുണ്ട്. കൂടാതെ പൊതു പ്രകടനങ്ങൾ, ലൗഡ് സ്പീക്കറുകൾ, മ്യൂസിക് ബാൻഡുകൾ എന്നിവയുടെ ഉപയോഗത്തിനും പടക്കം പൊട്ടിക്കുന്നതിനും കർശന വിലക്കേർപ്പെടുത്തി.
അതേസമയം, സാധാരണ ജീവിതത്തെ ബാധിക്കാത്ത രീതിയിൽ ചില സുപ്രധാന മേഖലകളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങുകൾ, സംസ്‌കാര ചടങ്ങുകൾ, സിനിമാ തിയേറ്ററുകൾ, തിയേറ്ററുകൾ, മറ്റ് വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്ക് വിലക്ക് ബാധകമല്ല. കൂടാതെ കോടതികൾ, സർക്കാർ ഓഫീസുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കോളേജുകൾ, ഫാക്ടറികൾ, കടകൾ തുടങ്ങിയ സ്ഥാപനങ്ങളുടെ സാധാരണ പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
നിയമം കയ്യിലെടുക്കുന്നവർക്കെതിരെയും ഉത്തരവ് ലംഘിക്കുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ഉത്തരവ് പ്രാബല്യത്തിൽ ഉള്ള സമയത്ത് മുംബൈ പോലീസുമായി പൊതുജനങ്ങൾ പൂർണ്ണമായും സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.