മുംബൈ : പ്രവാസി ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയത്തിൽ വരുത്തിയ വൻ വർധനവിലും പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിലെ കാലതാമസത്തിലും കടുത്ത പ്രതിഷേധവുമായി കേരളീയ കേന്ദ്ര സംഘടന. പ്രവാസികളുടെ ക്ഷേമവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കേണ്ട സർക്കാർ സംവിധാനങ്ങൾ തന്നെ അവർക്ക് അധിക സാമ്പത്തികഭാരവും പ്രയാസങ്ങളും സൃഷ്ടിക്കുന്നത് ആശങ്കാജനകമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഈ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടനയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകും.
അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയ്ക്കായി കഴിഞ്ഞ വർഷം ഒരു കുടുംബത്തിന് വാർഷിക പ്രീമിയമായി ഏകദേശം 13,400 രൂപയായിരുന്ന സ്ഥാനത്ത്, നിലവിൽ പ്രായപരിധിക്ക് അനുസരിച്ച് 30,000 രൂപ മുതൽ 60,000 രൂപ വരെയായി ഉയർന്നത് കനത്ത തിരിച്ചടിയാണ്. നിലവിലുണ്ടായിരുന്ന ഇൻഷുറൻസ് പദ്ധതികൾ ഉപേക്ഷിച്ച് സർക്കാരിന്റെ പുതിയ പദ്ധതിയിൽ വിശ്വസിച്ച് ചേർന്ന പ്രവാസികളുടെ കുടുംബ ആസൂത്രണത്തെയും ഇൻഷുറൻസ് പരിരക്ഷയെയും പ്രീമിയത്തിലെ ഈ വൻ വർധനവ് പ്രതികൂലമായി ബാധിച്ചു. വിദേശത്ത് അധ്വാനിക്കുന്ന പ്രവാസികൾക്ക് താങ്ങാനാവുന്ന നിരക്കിൽ ഇൻഷുറൻസ് ലഭ്യമാക്കാൻ പ്രീമിയം വർധനവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്നും പുതിയ പദ്ധതിയിൽ ചേർന്നവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മുൻ സർക്കാരിന്റെ കാലത്ത് എല്ലാ മാസവും കൃത്യമായി വിതരണം ചെയ്തിരുന്ന പ്രവാസി ക്ഷേമ പെൻഷൻ, നിലവിലെ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ക്രമരഹിതമായതാണ് ഗുണഭോക്താക്കളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്. 2026 മെയ് മാസം മുതൽ പെൻഷൻ വിതരണത്തിൽ കുടിശ്ശിക വന്നതിൽ ഇതുവരെ മൂന്ന് മാസത്തെ തുക മാത്രമാണ് വിതരണം ചെയ്തത്. നിലവിൽ മൂന്ന് മാസത്തെ പെൻഷൻ തുക കൂടി കുടിശ്ശികയുള്ളത് ഇതിനെ മാത്രം ആശ്രയിച്ചു കഴിയുന്ന പ്രവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
കുടിശ്ശികയായ മുഴുവൻ പെൻഷൻ തുകയും അടിയന്തരമായി വിതരണം ചെയ്യുകയും തുടർന്നുള്ള മാസങ്ങളിൽ മുടക്കമില്ലാതെ പെൻഷൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും വേണം. വിതരണ തീയതിയിലെ അനിശ്ചിതത്വം ഒഴിവാക്കാൻ എല്ലാ മാസവും ഒരു നിശ്ചിത തീയതിയിൽ പെൻഷൻ വിതരണം ചെയ്യുന്ന സ്ഥിരമായ സംവിധാനം ഏർപ്പെടുത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. പ്രവാസികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി സർക്കാർ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് കേരളീയ കേന്ദ്ര സംഘടനയ്ക്ക് വേണ്ടി പ്രസിഡന്റ് ടി. എൻ. ഹരിഹരൻ ആവശ്യപ്പെട്ടു.