മുംബൈ : പ്രവാസി മലയാളികൾക്കായി നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക കെയർ / നോർക്ക കെയർ പ്ലസ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം തുക കുത്തനെ കൂട്ടിയതിനെതിരെ പ്രവാസി സമൂഹത്തിൽ വൻ പ്രതിഷേധം. അന്യായമായ പ്രീമിയം വർധനവ് ഉടനടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ താനെ മലയാളി അസോസിയേഷൻ (ആത്മ) പ്രസിഡന്റ് ശശികുമാർ നായർ, വാഷി കേരള ഹൗസിലെ നോർക്ക എൻആർകെ ഡെവലപ്മെന്റ് ഓഫീസർ അരുൺ ആർ ബിയ്ക്ക് നിവേദനം നൽകി.
കഴിഞ്ഞ വർഷം ഒരു കുടുംബത്തിന് ഏകദേശം 13,411 രൂപയായിരുന്ന പ്രീമിയം, കുടുംബത്തിലെ പ്രധാന അംഗത്തിന് 61 വയസ്സ് പ്രായമുള്ള കേസിൽ 44,718 രൂപയായി ഉയർത്തിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയിലധികമാണ് ഈ വർഷത്തെ വർധനവ്. സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്ക് താങ്ങാനാകുന്നതിലും അപ്പുറമാണ് ഈ ഭാരമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിക്കുന്നു. 5 ശതമാനം വരെയുള്ള ന്യായമായ വർധനവ് മനസ്സിലാക്കാവുന്നതാണെങ്കിലും, നിലവിലെ മാറ്റം അസഹനീയമാണെന്ന് സംഘടന വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനായി നിരവധി സംഘടനകളും സാമൂഹിക പ്രവർത്തകരും ബോധവൽക്കരണ പരിപാടികൾ നടത്തിയിരുന്നു. വരും വർഷങ്ങളിലും താങ്ങാനാവുന്ന പ്രീമിയത്തിൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ ചേർന്നത്. എന്നാൽ പെട്ടെന്നുണ്ടായ ഈ കുത്തനെ വർധനവ് പ്രവാസി കുടുംബങ്ങളെയും അവരെ സഹായിച്ച സംഘടനകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മുതിർന്ന പൗരന്മാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്കും ഇൻഷുറൻസ് പുതുക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നത് പദ്ധതിയുടെ സാമൂഹിക ലക്ഷ്യത്തെത്തന്നെ ഇല്ലാതാക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ പദ്ധതിയുടെ പ്രീമിയം വർധനവ് ഉടനടി പുനഃപരിശോധിക്കണമെന്നും, പദ്ധതിയുടെ വക്ഷേമ ലക്ഷ്യം മുൻനിർത്തി മുതിർന്ന പൗരന്മാർക്കും സാധാരണക്കാർക്കും താങ്ങാനാകുന്ന തരത്തിൽ ന്യായവും പ്രായോഗികവുമായ പ്രീമിയം ഘടന നടപ്പിലാക്കണമെന്നും ആത്മ ആവശ്യപ്പെട്ടു.
ഇത്ര വലിയ പ്രീമിയം വർധനവ് വരുത്തിയതിന്റെ കാരണങ്ങളും അതിനുള്ള അടിസ്ഥാനവും നോർക്ക റൂട്ട്സ് വ്യക്തമാക്കേണ്ടതുണ്ട്. നിലവിൽ ഏത് ഇൻഷുറൻസ് കമ്പനിയുമായാണ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്, കരാറിലെ പ്രധാന വ്യവസ്ഥകൾ എന്തൊക്കെയാണ്, പ്രീമിയം തുക കണക്കാക്കിയത് ഏത് അടിസ്ഥാനത്തിലാണ് എന്നിവ പ്രവാസികളെ ബോധ്യപ്പെടുത്തണം. ഒപ്പം, തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്ററായ (ടിപിഎ) വിഡാൾ ഹെൽത്ത് ഇൻഷുറൻസ് ടിപിഎ പ്രൈവറ്റ് ലിമിറ്റഡിന്റെ ചുമതലകൾ, ക്ലെയിം പ്രോസസ്സിംഗ് രീതികൾ, പോളിസി ഉടമകൾക്കുള്ള സേവനങ്ങൾ, പരാതി പരിഹാര സംവിധാനങ്ങൾ എന്നിവയെക്കുറിച്ചും ഗുണഭോക്താക്കൾക്ക് വ്യക്തമായ വിവരങ്ങൾ ലഭ്യമാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നു.
കേവലം ഒരു വാണിജ്യ ഇൻഷുറൻസ് പദ്ധതി എന്നതിലുപരി പ്രവാസി കുടുംബങ്ങൾക്ക് സാമ്പത്തിക സുരക്ഷിതത്വവും ആശ്വാസവും നൽകുന്ന സാമൂഹിക സുരക്ഷാ പദ്ധതിയായിട്ടാണ് നോർക്ക കെയറിനെ പ്രവാസികൾ കാണുന്നത്. അതിനാൽ സാധാരണക്കാരെ പുറന്തള്ളുന്ന തരത്തിലുള്ള ഈ പ്രീമിയം വർധനവ് അംഗീകരിക്കാൻ കഴിയില്ലെന്നും, കേരള സർക്കാരും നോർക്ക റൂട്ട്സ് അധികൃതരും അടിയന്തരമായി ഇടപെട്ട് അനുകൂല തീരുമാനം എടുക്കണമെന്നും ശശികുമാർ നായർ ആവശ്യപ്പെട്ടു.