മുംബൈ: മഹാരാഷ്ട്രയിൽ ഓട്ടോ, ടാക്സി ഡ്രൈവർമാർ ഓഗസ്റ്റ് 16-നകം മറാഠി ഭാഷാ പരീക്ഷ (Functional Marathi Test) പാസായില്ലെങ്കിൽ പെർമിറ്റും ഡ്രൈവിങ് ലൈസൻസും റദ്ദാക്കുമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സർനായിക് മുന്നറിയിപ്പ് നൽകി. മറാഠി ഇതര ഭാഷക്കാരായ ഡ്രൈവർമാർക്ക് ഭാഷ പഠിച്ചെടുക്കാൻ ഓഗസ്റ്റ് 15 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. വിധാന ഭവനിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
1989-ലെ മഹാരാഷ്ട്ര മോട്ടോർ വെഹിക്കിൾ റൂൾസ് പ്രകാരമാണ് നടപടി. മുൻപ് 500 രൂപ മാത്രമായിരുന്ന പിഴത്തുകയ്ക്ക് പകരം, ഇനി മുതൽ ഭാഷ അറിയില്ലെങ്കിൽ ലൈസൻസ് റദ്ദാക്കാൻ ആർ.ടി.ഒ-യ്ക്ക് അധികാരം നൽകിയിട്ടുണ്ട്. റോഡ് ബോർഡുകൾ വായിക്കാനും, ലളിതമായ വാചകം എഴുതാനും, യാത്രക്കാരുമായി സംസാരിക്കാനുമുള്ള കഴിവാണ് പരീക്ഷിക്കുക. ഇതിനായി 450-ഓളം അധ്യാപകരെ സർക്കാർ നിയോഗിച്ചിട്ടുണ്ട്.
ബൈക്ക് ടാക്സികൾക്കും നിയന്ത്രണം
ഓഗസ്റ്റ് 1 മുതൽ സംസ്ഥാനത്ത് ബൈക്ക് ടാക്സി സർവീസുകൾക്ക് പുതിയ നിയമങ്ങൾ നിലവിൽ വരും. അനധികൃത സർവീസുകൾ തടയുന്നതിന്റെ ഭാഗമായി ബൈക്ക് ടാക്സി ഓടിക്കുന്നവർക്ക് സംസ്ഥാനത്തെ സ്ഥിരതാമസ സർട്ടിഫിക്കറ്റ് (Domicile Certificate) നിർബന്ധമാക്കുമെന്നും മന്ത്രി പ്രതാപ് സർനായിക് അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രോത്സാഹനവും വെൽഫെയർ ചാർജുകളും ഇതിന്റെ ഭാഗമായി നടപ്പിലാക്കും.