മുംബൈ: ഐഐടി ബോംബെ ക്യാമ്പസിൽ പ്രവർത്തിക്കുന്ന രണ്ട് കാന്റീനുകൾ പൂട്ടിച്ച് മഹാരാഷ്ട്ര ഭക്ഷ്യ-ഔഷധ ഭരണകൂടം (എഫ്ഡിഎ). ഓഗസ്റ്റ് 5 ബുധനാഴ്ച ലഭിച്ച പരാതിയെ തുടർന്ന് എഫ്ഡിഎ ഉദ്യോഗസ്ഥർ നടത്തിയ മിന്നൽ പരിശോധനയിലാണ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്. കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (FSSAI) ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് കാന്റീനുകൾക്കാണ് പ്രവർത്തനം നിർത്താൻ (Stop-Business Notice) നോട്ടീസ് നൽകിയത്. സാധുവായ ലൈസൻസുണ്ടായിട്ടും ചില ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച മൂന്നാമത്തെ കാന്റീന് വീഴ്ചകൾ തിരുത്താൻ നോട്ടീസും നൽകി.
ലൈസൻസില്ലാതെ പ്രവർത്തിച്ച കാന്റീനുകളിലൊന്ന് സ്വകാര്യ കരാറുകാർക്ക് പകരം ഐഐടി ഇൻസ്റ്റിറ്റ്യൂട്ടോ സ്റ്റുഡന്റ്സ് യൂണിയനോ നേരിട്ട് നടത്തിയിരുന്നതാണെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനാ സമയത്ത് ധാരാളം വിദ്യാർഥികൾ ഇവിടെ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. കാന്റീൻ പൂട്ടിയാൽ എവിടെ നിന്ന് ഭക്ഷണം കഴിക്കുമെന്ന് ചോദിച്ച വിദ്യാർഥികളോട് മുംബൈയിൽ ലൈസൻസുള്ള നിരവധി ഭക്ഷണശാലകൾ ലഭ്യമാണെന്ന് ഉദ്യോഗസ്ഥർ മറുപടി നൽകി.
ക്യാമ്പസിലെ ചില ഭക്ഷണശാലകളിൽ എഫ്ഡിഎ പരിശോധന നടത്തിയതായും പ്രാഥമിക നിർദേശങ്ങൾ ലഭിച്ചതായും ഐഐടി ബോംബെ വക്താവ് സ്ഥിരീകരിച്ചു. വിശദമായ പരിശോധനാ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും, അതിലെ നിർദേശങ്ങൾ പാലിച്ച് ഭക്ഷ്യസുരക്ഷ പൂർണമായും ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി എഫ്ഡിഎ നടത്തുന്ന പരിശോധനകളുടെ തുടർച്ചയായാണ് ഐഐടി ബോംബെയിലെയും നടപടി. ഐഐടി ബോംബെയ്ക്ക് എതിരെ എഫ്ഡിഎ നടപടിയെടുക്കുന്നത് ഇതാദ്യമല്ല. മുൻപ് 2011-ൽ ക്യാമ്പസിലെ ഭക്ഷണം കഴിച്ച് അറുനൂറോളം വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിലും എഫ്ഡിഎ നടപടിയെടുത്തിരുന്നു.