ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളുടെ പട്ടികയിൽ നവി മുംബൈയും ഗുവാഹത്തിയും; ഇന്ത്യയ്ക്ക് അഭിമാന നേട്ടം!

by WhatsUp Mumbai

മുംബൈ: ആഗോള വ്യോമയാന ഭൂപടത്തിൽ ചരിത്ര നേട്ടവുമായി ഇന്ത്യ. പാരിസ് ആസ്ഥാനമായുള്ള പ്രശസ്തമായ ‘പ്രിക്സ് വെർസായ്’ (Prix Versailles) പുറത്തുവിട്ട ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് വിമാനത്താവളങ്ങൾ ഇടംപിടിച്ചു. മഹാരാഷ്ട്രയിലെ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളവും (NMIA) അസമിലെ ഗുവാഹത്തിയിലുള്ള ലോകപ്രിയ ഗോപിനാഥ് ബോർദലോയ് അന്താരാഷ്ട്ര വിമാനത്താവളവുമാണ് (LGBIA) ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള രണ്ട് വിമാനത്താവളങ്ങൾ ഒരേസമയം ഈ അഭിമാന പട്ടികയിൽ വരുന്നത്.

വാസ്തുവിദ്യ, ഡിസൈൻ രംഗങ്ങളിൽ ആഗോളതലത്തിൽ നൽകപ്പെടുന്ന ഏറ്റവും ആദരണീയമായ വാർഷിക പുരസ്കാരങ്ങളിൽ ഒന്നാണ് പ്രിക്സ് വെർസായ്. 2015 മുതൽ പാരിസിലെ യുനെസ്കോ (UNESCO) ആസ്ഥാനത്ത് വെച്ചാണ് ഇത് പ്രഖ്യാപിക്കുന്നത്. ഇന്ത്യയിലെ രണ്ട് വിമാനത്താവളങ്ങൾക്ക് പുറമെ ചൈനയിലെ ഗ്വാങ്ഷൂ, ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട്, കംബോഡിയയിലെ കാൻഡൽ സ്റ്റുവെങ്, അമേരിക്കയിലെ പിറ്റ്സ്ബർഗ്, സാന്തിയാഗോ എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളും ഇത്തവണത്തെ പട്ടികയിലുണ്ട്.

താമരപ്പൂവിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് തയാറാക്കിയ സവിശേഷമായ വാസ്തുവിദ്യയാണ് നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ‘ടെർമിനൽ 1’ നെ ഈ നേട്ടത്തിന് അർഹമാക്കിയത്. തങ്ങളുടെ വിമാനത്താവളങ്ങൾ ആഗോള പ്ലാറ്റ്‌ഫോമിൽ അംഗീകരിക്കപ്പെട്ടതിൽ അങ്ങേയറ്റം അഭിമാനമുണ്ടെന്ന് അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡിന്റെ വക്താവ് വ്യക്തമാക്കി. മികച്ച വാസ്തുവിദ്യ, സുസ്ഥിരത, പ്രവർത്തനക്ഷമത എന്നിവയിൽ ലോകത്തിലെ ഏറ്റവും മികച്ചവയ്‌ക്കൊപ്പം നിൽക്കുന്ന ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനുള്ള അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പട്ടികയിൽ നിന്നും മികച്ച ഇന്റീരിയർ അല്ലെങ്കിൽ എക്സ്റ്റീരിയറിനുള്ള പുരസ്കാരം നേടുന്ന മൂന്ന് വിമാനത്താവളങ്ങളെ ഈ വർഷാവസാനം പ്രഖ്യാപിക്കും.

You may also like