75 വയസ്സുകാരനെ ക്രൂരമായി മർദിച്ചു താനെയിലെ ‘വില്ലൻ’ ഓല ഡ്രൈവർ ജുഡീഷ്യൽ കസ്റ്റഡിയിൽ

by WhatsUp Mumbai

​താനെ: ആശുപത്രിക്ക് മുന്നിൽ വെച്ച് 75 വയസ്സുകാരനായ മുതിർന്ന പൗരനെ ക്രൂരമായി മർദിച്ച കേസിൽ ഓല കാർ ഡ്രൈവർ ജുഡീഷ്യൽ കസ്റ്റഡിയിൽ. പ്രതിയായ സിദ്ധേഷ് പ്രകാശ് പതാരെ (25) എന്ന ഡ്രൈവറെയാണ് താനെ കോടതി റിമാൻഡ് ചെയ്തത്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച അക്രമസംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ അടിയന്തര നടപടി.

താനെ വെസ്റ്റിലെ പ്രമുഖ ആശുപത്രിക്ക് സമീപം വെച്ചായിരുന്നു വൃദ്ധനായ വയോധികന് നേരെ അതിക്രൂരമായ ആക്രമണം ഉണ്ടായത്. ക്യാബ് ബുക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വലിയ അക്രമത്തിൽ കലാശിച്ചത്. തർക്കത്തിനൊടുവിൽ കാറിൽ നിന്നും ഇറങ്ങിയ ഡ്രൈവർ, 75 വയസ്സായ വൃദ്ധനാണെന്ന പരിഗണന പോലും നൽകാതെ വയോധികനെ റോഡിലേക്ക് തള്ളിയിടുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.

പൊതുമധ്യത്തിൽ വെച്ച് നടന്ന അക്രമത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റു. മർദനമേറ്റ് നിലത്തു വീണ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തുണ്ടായിരുന്നവരും ആശുപത്രി ജീവനക്കാരും ചേർന്നാണ് രക്ഷപെടുത്തിയത്. വയോധികന്റെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുക്കുകയും പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഒടുവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മുതിർന്ന പൗരന്മാർക്ക് നേരെയുള്ള ഇത്തരം അതിക്രമങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യമാണ് ഇതോടെ ശക്തമാകുന്നത്.

You may also like