മുംബൈ: ആഗോള രുചിഭൂപടത്തിൽ വീണ്ടും തലയുയർത്തി മുംബൈയുടെ സ്വന്തം ‘വടാപാവ്’. ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിൽ ആദ്യ 40-ൽ ഇടംനേടിയിരിക്കുകയാണ് മുംബൈ ദാദറിലെ പ്രശസ്തമായ ‘അശോക് വടാപാവ്’. ആഗോള ട്രാവൽ ഗൈഡ് പോർട്ടലായ ‘ടേസ്റ്റ് അറ്റ്‌ലസ്’ (Taste Atlas) തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്‌വിച്ചുകളുടെ പട്ടികയിലാണ് മുംബൈക്കാരുടെ ഈ പ്രിയപ്പെട്ട വിഭവം അഭിമാനകരമായ നേട്ടം കൈവരിച്ചത്.
പട്ടികയിൽ പത്തൊൻപതാം സ്ഥാനത്താണ് മുംബൈ വടാപാവ് ഇടംപിടിച്ചിരിക്കുന്നത്. 5-ൽ 4.4 റേറ്റിംഗ് സ്വന്തമാക്കിയാണ് വടാപാവ് ഈ രാജ്യാന്തര നേട്ടം കൈവരിച്ചത്. മഹാരാഷ്ട്രയുടെ തനത് സ്ട്രീറ്റ് ഫുഡ് സംസ്കാരത്തിന്റെ പ്രതീകമായ വടാപാവിനെ തേടി എത്തിയ ഈ ആഗോള അംഗീകാരം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
മുംബൈയിൽ വടാപാവ് വിൽക്കുന്ന നിരവധി കടകൾ ഉണ്ടെങ്കിലും ദാദറിലെ കീർത്തി കോളേജിന് സമീപമുള്ള ‘അശോക് വടാപാവ്’ (കൃതി വടാപാവ് എന്നും ഇതറിയപ്പെടുന്നു) ആണ് ഈ പട്ടികയിൽ പ്രത്യേകം പരാമർശിക്കപ്പെട്ടിരിക്കുന്നത്. ബോളിവുഡ് താരങ്ങളായ മാധുരി ദീക്ഷിത്, ജാക്കി ഷ്രോഫ്,സെയ്ഫ് അലി ഖാൻ,സുശീൽ കുമാർ ഷിൻഡെ,തുടങ്ങിയ പ്രമുഖർ പതിവായി സന്ദർശിക്കാറുള്ള ഈ കട, അതിന്റെ സമാനതകളില്ലാത്ത രുചികൂട്ടും ഗുണമേന്മയും കൊണ്ടാണ് ലോകശ്രദ്ധ ആകർഷിച്ചത്.
ഉരുളക്കിഴങ്ങ് ബോണ്ട (വട) മസാലകൾ ചേർത്ത ചട്നിക്കൊപ്പം ബണ്ണിനുള്ളിൽ (പാവ്) വെച്ച് വിളമ്പുന്ന ഈ ലളിതമായ വിഭവം ബർഗറുകളോട് കിടപിടിക്കുന്നതാണെന്ന് ടേസ്റ്റ് അറ്റ്‌ലസ് വിലയിരുത്തുന്നു. 1960-കളിൽ അശോക് വൈദ്യ എന്നയാൾ മുംബൈയിലെ മിൽ തൊഴിലാളികൾക്കായി ചെലവുകുറഞ്ഞ രീതിയിൽ അവതരിപ്പിച്ച വടാപാവ്, ഇന്ന് ലോകം കൊതിക്കുന്ന രുചിയായി മാറിയത് ഇന്ത്യൻ തെരുവോര രുചികളുടെ വിജയമാണെന്ന് പോർട്ടൽ വ്യക്തമാക്കുന്നു. ആഗോള പട്ടികയിൽ തുർക്കിയുടെ ‘ടോംബിക് ഡോണർ’ (Tombik Doner) ആണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.