മുംബൈയിൽ കനത്തമഴ തുടരുന്നു : നെരൂളിൽ വെള്ളക്കെട്ടിൽ കറന്റ് പടർന്ന് ഷോക്കേറ്റ് രണ്ട് കോളേജ് വിദ്യാർത്ഥിനികൾ അതീവ ഗുരുതരാവസ്ഥയിൽ

by WhatsUp Mumbai

നവി മുംബൈ : മുംബൈയിലും സമീപപ്രദേശങ്ങളിലും ജനജീവിതം സ്തംഭിപ്പിച്ചു കനത്ത മഴ തുടരുന്നതിനിടയിൽ നവി മുംബൈയിലെ നേരുളിൽ നിന്ന് നടുക്കമുളവാക്കുന്നൊരു അപകടവാർത്ത. റോഡിലെ വെള്ളക്കെട്ടിലൂടെ നടന്നുപോവുകയായിരുന്ന രണ്ട് കോളേജ് വിദ്യാർത്ഥിനികൾക്ക് വൈദ്യുത കമ്പിയിൽ നിന്ന് ശക്തമായ ഷോക്കേറ്റു. അപകടത്തിൽ അതീവ ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിനികളെ അടിയന്തിര ചികിത്സയ്ക്കായി ഡി.വൈ പാട്ടീൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

​നെരുളിലെ എൽ.പി പാലത്തിന് സമീപമുള്ള ബിക്കാനീർ സ്വീറ്റ്സ് എന്ന സ്ഥാപനത്തിന് മുന്നിലാണ് അപകടം സംഭവിച്ചത്. പാലത്തിനടിയിലെ വൈദ്യുത ലൈനിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് ദുരന്തത്തിന് കാരണമായത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വൈദ്യുത പ്രവാഹം റോഡിൽ കെട്ടിക്കിടന്ന വെള്ളത്തിലേക്ക് പടരുകയായിരുന്നു. ഈ സമയം ഇതുവഴി നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനികൾ വെള്ളത്തിലൂടെ പ്രവഹിച്ച വൈദ്യുതിയുമായി നേരിട്ട് സമ്പർക്കത്തിൽ വരികയും സംഭവസ്ഥലത്തുതന്നെ തെറിച്ചുവീഴുകയുമായിരുന്നു. അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ഭീതിയും പരിഭ്രാന്തിയും പരന്നിട്ടുണ്ട്.

കനത്ത മഴയത്ത് വിദ്യാർത്ഥിനികൾ റോഡിൽ ബോധരഹിതരായി വീണുകിടക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു. കുട്ടികൾ വീണുകിടക്കുന്നത് കണ്ട് ഓടിയെത്തിയ ഒരു വഴിയാത്രക്കാരൻ മരച്ചില്ല ഉപയോഗിച്ച് ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വാഹനങ്ങൾ വഴിയിൽ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് ഈ രക്ഷാപ്രവർത്തനം നടന്നത്. അപകടം നടന്നയുടൻ തന്നെ ഒരു ഓട്ടോറിക്ഷയിലാണ് വിദ്യാർത്ഥിനികളെ സമിപത്തെ ഡി.വൈ പാട്ടീൽ ആശുപത്രിയിലേക്ക് എത്തിച്ചത്. 

മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. ശക്തമായ മഴയെത്തുടർന്ന് സയൺ-പൻവേൽ ഹൈവേയുടെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായി. ഇത് മുംബൈയെയും നവി മുംബൈയെയും ബന്ധിപ്പിക്കുന്ന ഈ തിരക്കേറിയ റൂട്ടിൽ കനത്ത ഗതാഗതക്കുരുക്കിനും വാഹനങ്ങളുടെ വേഗത കുറയുന്നതിനും കാരണമായിട്ടുണ്ട്. കൂടാതെ വാശിയിലെ എ.പി.എം.സി മാർക്കറ്റിലും കനത്ത വെള്ളകെട്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടെ മുട്ടൊപ്പം വെള്ളത്തിലൂടെയാണ് തൊഴിലാളികൾ കനത്ത ചാക്കുകളും സാധനങ്ങളും ചുമന്ന് നീങ്ങുന്നത്. മഴവെള്ളം കയറി നശിച്ചുപോവാൻ സാധ്യതയുള്ള ഉൽപ്പന്നങ്ങൾ സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് വ്യാപാരികളും തൊഴിലാളികളും.

You may also like