മുംബൈ: ആഴ്ചകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മുംബൈ നഗരത്തെ മുക്കി കാലവർഷത്തിന്റെ സംഹാരതാണ്ഡവം. ചൊവ്വാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയിൽ മുംബൈയും പരിസര പ്രദേശങ്ങളും പൂർണ്ണമായും വെള്ളത്തിനടിയിലായി. പലയിടങ്ങളിലും 300 മില്ലിമീറ്ററിലധികം മഴയാണ് രേഖപ്പെടുത്തിയത്. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് റോഡ്-റെയിൽ ഗതാഗതം പൂർണ്ണമായും തകിടം മറിഞ്ഞു. മുംബൈ, താനെ, റായ്ഗഡ്, പാൽഘർ, രത്നഗിരി എന്നീ അഞ്ച് ജില്ലകളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
താഴ്ന്ന പ്രദേശങ്ങളായ അന്ധേരി സബ്വേ, ഹിന്ദ്മാത, സിയോൺ-മാതുംഗ തുടങ്ങിയ സ്ഥലങ്ങളിൽ കനത്ത വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് അന്ധേരി സബ്വേ അടച്ചുപൂട്ടി. മുംബൈയുടെ ജീവനാഡിയായ ലോക്കൽ ട്രെയിൻ സർവീസുകൾ വൈകിയത് പതിനായിരക്കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. ബൃഹന്മുംബൈ കോർപ്പറേഷന്റെ (BMC) കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ പടിഞ്ഞാറൻ സബർബൻ മേഖലയിലെ മാൽവാനിയിലും (343 mm) സിറ്റി പരിധിയിലെ പരേലിലും (343 mm) മലാഡ് ഡിപ്പോയിലും (314 mm) ദാദറിലും (296 mm) ഉൾപ്പെടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റെക്കോർഡ് മഴയാണ് ലഭിച്ചത്.
അനുകൂല സാഹചര്യങ്ങൾ രൂപപ്പെട്ടതോടെ ചൊവ്വാഴ്ച രാവിലെയോടെ തെക്കുപടിഞ്ഞാറൻ മൺസൂൺ വടക്കൻ കൊങ്കണിലെ അലിബാഗിൽ എത്തുകയും ഉച്ചയോടെ മുംബൈയിൽ പ്രവേശിക്കുകയുമായിരുന്നു. അടുത്ത 48 മണിക്കൂർ മുംബൈയിൽ ശക്തമായ മഴ തുടരുമെന്നാണ് സൂചന. സാധാരണയായി ജൂൺ 11-ന് എത്താറുള്ള കാലവർഷം ഇത്തവണ വലിയ താമസം നേരിട്ടു. 1950-ന് ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും വൈകിയെത്തിയ മൂന്നാമത്തെ മൺസൂൺ ആണിത്. കനത്ത മഴയെ തുടർന്ന് സാന്താക്രൂസ് ഒബ്സർവേറ്ററിയിൽ താപനില 25 ഡിഗ്രി സെൽഷ്യസായി താഴ്ന്നു.