ന്യൂഡൽഹി: രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങൾ വഴി വൻതോതിൽ സാമ്പത്തിക ചോർച്ചയെന്ന് കേന്ദ്ര ടെലികോം മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷൻസ് (DoT). കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം രാജ്യത്ത് 22,500 കോടി രൂപയുടെ സൈബർ സാമ്പത്തിക തട്ടിപ്പുകൾ നടന്നതായാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്റർനെറ്റ് ബാങ്കിങ്, വ്യാജ നിക്ഷേപ പദ്ധതികൾ, ഡിജിറ്റൽ അറസ്റ്റ് ഭീഷണികൾ എന്നിവയിലൂടെയാണ് സാധാരണക്കാരുടെ പണം വ്യാപകമായി കവർന്നിരിക്കുന്നത്.
ദിവസേന ശരാശരി 60 കോടി രൂപയിലധികമാണ് സൈബർ തട്ടിപ്പുകാർ രാജ്യത്തുനിന്ന് തട്ടിയെടുക്കുന്നത്. ഇത്തരത്തിൽ നഷ്ടപ്പെടുന്ന പണത്തിന്റെ വലിയൊരു പങ്ക് വിദേശ രാജ്യങ്ങളിലേക്ക് കടത്തപ്പെടുന്നതായും അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനായി ടെലികോം മന്ത്രാലയവും പോലീസും സംയുക്തമായി ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും കുറ്റകൃത്യങ്ങളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നത് വലിയ ആശങ്കയ്ക്കാണ് വഴിവെക്കുന്നത്.
വ്യാജ സിം കാർഡുകളും വ്യാജ ബാങ്ക് അക്കൗണ്ടുകളുമാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെ പ്രധാന ആയുധങ്ങൾ. കുറ്റവാളികളെ കണ്ടെത്തുന്നത് തടയാൻ മറ്റുള്ളവരുടെ രേഖകൾ ഉപയോഗിച്ച് എടുത്ത സിം കാർഡുകളാണ് ഇവർ ഉപയോഗിക്കുന്നത്. തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ദശലക്ഷക്കണക്കിന് വ്യാജ സിം കാർഡുകൾ ടെലികോം മന്ത്രാലയം റദ്ദാക്കുകയും ആയിരക്കണക്കിന് മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
സംശയസ്പദമായ രീതിയിലുള്ള ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ പൊതുജനങ്ങൾ അടിയന്തരമായി കേന്ദ്ര സർക്കാരിന്റെ ‘ചക്ഷു’ (Chakshu) പോർട്ടൽ വഴിയോ, ‘1930’ എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ വിവരം അറിയിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ വഴി പണം നഷ്ടപ്പെട്ടാൽ ആദ്യത്തെ ‘ഗോൾഡൻ അവറിനുള്ളിൽ’ (Golden Hour) തന്നെ പരാതിപ്പെട്ടാൽ മാത്രമേ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും പോലീസ് ഓർമ്മിപ്പിക്കുന്നു.