മുംബൈ: മുംബൈ നഗരത്തിൽ നിന്ന് ഓരോ വർഷവും ഏകദേശം 50 ലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം അറബിക്കടലിലേക്ക് ഒഴുകിപ്പോകുന്നു എന്നതാണ് പുതിയ പഠനത്തിന്റെ കണ്ടെത്തൽ. നഗരത്തിലെ ഗട്ടറുകളും മഴവെള്ള ചാലുകളും വഴിയാണ് ഈ മാലിന്യം കടലിലേക്ക് എത്തുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
സമുദ്ര മലിനീകരണം കുറയ്ക്കാൻ പ്രവർത്തിക്കുന്ന നെതർലാൻഡ്‌സ് ആസ്ഥാനമായ ദി ഓഷ്യൻ ക്ലീൻഅപ്പ് നടത്തിയ പഠനത്തിലാണ് ഈ വിവരം പുറത്തുവന്നത്. മുംബൈയിലെ വിവിധ ഭാഗങ്ങളിലായി നടത്തിയ നിരീക്ഷണത്തിലാണ് ഈ കണക്ക് കണ്ടെത്തിയത്.
പഠനത്തിൽ ഏകദേശം 50 അഴുക്കു ചാലുകൾ കടലിലേക്ക് പ്ലാസ്റ്റിക് മാലിന്യം എത്തിക്കുന്ന പ്രധാന വഴികളാണെന്ന് കണ്ടെത്തി. പ്രത്യേകിച്ച് താനെ, മലാഡ് , വസായി മേഖലകളിലൂടെയാണ് ഏറ്റവും കൂടുതൽ മാലിന്യം കടലിലേക്ക് ഒഴുകുന്നത്.
ഇത്തരം പ്ലാസ്റ്റിക് മലിനീകരണം കടലിലെ ജലജീവികളെയും മുംബൈയിലെ വിശാലമായ
കണ്ടൽക്കാട്
വനങ്ങളെയും ഗുരുതരമായി ബാധിക്കുന്നതായി പഠനം മുന്നറിയിപ്പ് നൽകുന്നു. തീരപ്രദേശങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തെയും ഇത് ബാധിക്കാമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്.
ഈ പ്രശ്നം കുറയ്ക്കാൻ പ്രധാന അഴുക്കു ചാലുകകളിൽ പ്രത്യേക ‘മാലിന്യ തടയൽ സംവിധാനങ്ങൾ’ സ്ഥാപിക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിലൂടെ വലിയ തോതിൽ പ്ലാസ്റ്റിക് കടലിലേക്ക് എത്തുന്നത് തടയാനാകുമെന്നാണ് പ്രതീക്ഷ.